എച്ച് 1 എൻ 1 മരണം, 3 പേർക്ക് മലേറിയ; പ്രത്യേക യോഗം വിളിച്ച് പൊന്നാനി നഗരസഭ
Mail This Article
പൊന്നാനി ∙എച്ച് 1 എൻ 1 ബാധിച്ച് യുവതി മരിയ്ക്കുകയും 3 പേർക്ക് മലേറിയ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേക യോഗം വിളിച്ച് പൊന്നാനി നഗരസഭ. ഇന്ന് രാവിലെയാണ് പൊന്നാനി സ്വദേശിനിയായ യുവതി കുന്നംകുളത്തെ ആശുപത്രിയിൽ വച്ച് മരിച്ചത്. പിന്നാലെ ഒരു കുടുംബത്തിലെ 2 പേരടക്കം 3 പേർക്ക് നഗരസഭാപരിധിയിൽ മലേറിയ സ്ഥിരീകരിക്കുകയും ചെയ്തു. പൊന്നാനി നഗരസഭ അഞ്ചാം വാർഡായ കുറ്റിക്കാടിലാണ് മലേറിയ സ്ഥിരീകരിച്ചിരിക്കുന്നത്.
പനിയും വിറയലുമായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിക്കാണ് ആദ്യം മലേറിയ സ്ഥിരീകരിച്ചത്. ഇയാളുടെ വീട്ടിൽ തന്നെയുള്ള മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചു. പിന്നാലെ ഇവരുടെ വീടിന് 500 മീറ്റർ അകലെയുള്ള മറ്റൊരാൾക്കും രോഗം കണ്ടെത്തിയതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധന തുടരുകയാണ്. നേരത്തെ നിലമ്പൂരിലും ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മലപ്പുറം ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി.
കേരളത്തിലെത്തിയ ഇതര സംസ്ഥാനക്കാരിലാണ് നേരത്തെ മലേറിയ സ്ഥിരീകരിച്ചിരുന്നത്. ഇതിനു പുറമേ നാട്ടുകാരിൽ തന്നെ മലേറിയ കണ്ടെത്തിയതോടെ പ്രദേശത്ത് പ്രത്യേക ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. കൊതുകു പരത്തുന്ന രോഗമായതിനാൽ ഇവ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതോടെയാണ് പൊന്നാനി നഗരസഭ അടിയന്തരമായി പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്.