ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് ബിജെപി നേതാക്കൾക്കിടയിൽ ഭിന്നിപ്പു ശക്തമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സംസ്ഥാനസർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന 15 പേജുള്ള റിപ്പോർട്ട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു സമർപ്പിച്ചു. പരീക്ഷാ പേപ്പര്‍ ചോർച്ച, സർക്കാർ ജോലികളിലെ കരാര്‍ നിയമനം, തുടങ്ങി സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ അസംതൃപ്തരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  

അമേഠി, അയോധ്യ എന്നീ മണ്ഡലങ്ങൾക്ക് പ്രത്യക ഊന്നൽ നൽകിക്കൊണ്ടു നടത്തിയ അവലോകനത്തിൽ 40,000 പേരുടെ അഭിപ്രായങ്ങളാണ് ശേഖരിച്ചത്. പഠനപ്രകാരം 8 ശതമാനം വോട്ട് വിഹിതം പാർട്ടിക്ക് കുറഞ്ഞു. പ്രധാനമായും ആറു കാരണങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന ഭരണത്തിലെ വീഴ്ച, ഭരണതലത്തിലെ ഇടപെടൽ, പാർട്ടി പ്രവർത്തകർക്കിടയിലെ അതൃപ്തി, അടിക്കടിയുള്ള ചോദ്യപേപ്പർ ചോർച്ച, സർക്കാർ പദവികളിൽ കരാർ തൊഴിലാളികളെ നിയമിക്കൽ, സംവരണത്തിലെ നിലപാട് എന്നിവ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 15 ചോദ്യപ്പേപ്പർ ചോർച്ച കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സര്‍ക്കാർ ജോലികളിൽ കരാർ തൊഴിലാളികളെ കുത്തിനിറച്ചതും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തിയെന്നു നേതാക്കൾ പറയുന്നു. 

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളോട് രാജി സന്നദ്ധത അറിയിച്ചു. സംഘടനാ തലത്തിൽ പ്രവർത്തിക്കാമെന്നും മൗര്യ അറിയിച്ചു. ഇതിനു പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരഞ്ഞെടുപ്പു കാലത്തു സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്ന വിമർശനവും യോഗിയെ മാറ്റി ഒബിസി വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധിയെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടും ഒരു വിഭാഗം ഉയർത്തിയിരുന്നു.

കേന്ദ്ര നേതൃത്വം യുപിയിൽ കാര്യമായി ഇടപെടണമെന്ന് ബിജെപി എംഎൽഎമാർ ആവശ്യപ്പെടുന്നതും യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി – കോൺഗ്രസ് സഖ്യം 43 സീറ്റുകള്‍ നേടിയിരുന്നു. 2019–ൽ 64 സീറ്റുകളുണ്ടായിരുന്ന എന്‍ഡിഎ 36 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു.

English Summary:

Election Report Sheds Light on BJP's Lok Sabha Defeat in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com