മഴ: 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; 2 ജില്ലകളിൽ ഭാഗിക അവധി
Mail This Article
തിരുവനന്തപുരം∙ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് സ്കൂളുകൾക്ക് അവധി.
കണ്ണൂർ ജില്ലയിൽ അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലൈ 19, 2024) ജില്ലാ കലക്ടർ കെ. ഇൻപശേഖർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
വയനാട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമാവില്ല. മോഡൽ റസിഡൻഷ്യൽ, നവോദയ വിദ്യാലയങ്ങള്‍ എന്നിവയ്കും അവധിയില്ല. അതേസമയം അങ്കണവാടികൾക്കും ട്യൂഷന്‍ സെന്ററുകൾക്കും അവധിയാണ്.
പാലക്കാട് പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, കിന്റർഗാർട്ടൻ, മദ്രസ, ട്യൂഷൻ സെന്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.
കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഉൾപ്പെടുള്ള സ്കൂളുകൾക്ക് നാളെ (വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് കലക്ടർ പറഞ്ഞിരുന്നു.
മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ.വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇടുക്കി ജില്ലയിൽ മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ഗ്യാപ്റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ ദേവികുളം താലൂക്കിലെയും ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.