ADVERTISEMENT

കോഴിക്കോട് / വയനാട്∙ കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നലെ രാത്രി മുതൽ പെയ്യുന്നത് ശക്തമായ മഴ. ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളത്തിലായി. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. നാദാപുരം, കുറ്റ്യാടി, ചക്കിട്ടപാറ, കോടഞ്ചേരി, തിരുവാമ്പാടി എന്നിവിടങ്ങളിൽ മഴ നാശം വിതച്ചു. 

കോടഞ്ചേരി ചെമ്പുകടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. ഈങ്ങാപ്പുഴയിൽ ദേശീയ പാതയിൽ വെള്ളം കയറിയെങ്കിലും ഗതാഗതം മുടങ്ങിയില്ല. വടകരയിൽ കുളിമുറിയും കിണറും ഇടിഞ്ഞു താണു. തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. നാദാപുരത്ത് ഇന്ന് പുലർച്ചെ വീട് തകർന്നുവീണു. നിരവധി സ്ഥലത്ത് മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. പാലാഴിയിൽ റോഡിലും കടകളിലും വെള്ളം കയറി. ഇതുവഴി ഗതാഗതം പൂർണമായും സ്തംഭിച്ചു. മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് കൊടിയത്തൂർ കോട്ടമുഴി റോഡ് അടച്ചു.

വയനാട്ടിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ്. മാനന്തവാടി, പനമരം, കൊയിലേരി, നൂൽപ്പുഴ, കല്ലൂർ, വെണ്ണിയോട് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. മാനന്തവാടി വെള്ളിയൂർക്കാവ് ക്ഷേത്രത്തിലും വെള്ളം കയറി. മാനന്തവാടി കൽപറ്റ റോഡിൽ വെള്ളം കയറിയതോടെ െചറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാതെയായി. 

ബത്തേരി നൂൽപ്പുഴയിലും നെന്മേനിയിലുമായി എട്ട് ക്യാംപുകളാണ് തുറന്നിരിക്കുന്നത്. നാന്നൂറോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ശക്തമായ മഴ തുടരുന്നത് കാരണം നൂൽപ്പുഴ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ സമീപത്തുകൂടി കടന്നു പോകുന്ന ദേശീയ പാത 766 ലേക്കും വെള്ളം കയറി. മുത്തങ്ങ തകരപ്പാടിക്കും പൊൻകുഴിക്കുമിടയിൽ ആനക്കടവ് ഭാഗത്താണ് വെള്ളം കയറിയത്. വനപാലകരും പൊലീസും ഇടപ്പെട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. വെള്ളക്കെട്ടിൽ കുടുങ്ങിയ കാറുകൾ യാത്രക്കാരും പൊലീസും വനപാലകരും ചേർന്നാണ് തള്ളി മാറ്റിയത്. മാനന്തവാടി മുതിരേരിയിൽ കെഎസ്ഇബി ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പിന് മുകളില്‍ മരം വീണെങ്കിലും ആർക്കും പരുക്കില്ല.

കോഴിക്കോട്-ബെംഗളൂരു ദേശീയ പാതയിൽ (എൻഎച്ച് 766) വെള്ളം കയറിയതിനെ തുടർന്ന് മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ നാലു കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ യാത്രക്കാരുൾപ്പെടെ നിരവധി പേർ മുത്തങ്ങയ്ക്ക് സമീപം പൊൻകുഴിയിലെ വനമേഖലയിൽ വൈകിട്ട് ആറു മുതൽ കുടുങ്ങി.

നാളെയും വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ നിരവധി സ്കൂളുകളിൽ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. ഇടറോഡുകളിൽ പലതും വെള്ളം കയറിയതിനാൽ ഗതാഗതം മുടങ്ങി. കോഴിക്കോട് നാളെ ഓറഞ്ച് അലർട്ടാണ്.

English Summary:

Severe Weather Alert: Floods Hit Kozhikode and Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com