ADVERTISEMENT

തിരുവനന്തപുരം∙ ‘എൻഡോമയോ കാർഡിയോ ഫൈബ്രോസിസ്’ ഹൃദയത്തിലെ മസിലുകൾ ഫൈബറുകളാകുന്ന ഈ രോഗത്തെ കുറിച്ച് ഇപ്പോൾ കേരളത്തിൽ കേൾക്കാനില്ല. ഒരു കാലത്ത് കേരളത്തിൽ അനേകം പേരുടെ ജീവനെടുത്ത ഈ ഹൃദ്രോഗത്തെ നാടുകടത്തിയത് ഡോ. എം.എസ്. വല്യത്താന്റെ നേതൃത്വത്തിലുള്ള വൈദ്യശാസ്ത്ര സംഘമാണ്. ഹൃദ്രോഗ ചികിത്സയിൽ അവസാന വാക്കായി മാറിയ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ തന്നെ മികച്ച ചികിത്സാ കേന്ദ്രമായി മാറ്റിയതും ഡോ. വല്യത്താന്റെ ദീർഘ വീക്ഷണമാണ്. മികച്ച വാൽവുകൾ ശ്രീചിത്രയിൽ തന്നെ വികസിപ്പിച്ചതോടെ കേരളത്തിൽ ഹൃദ്രോഗ ചികിത്സയിലെ എല്ലാ തടസങ്ങളെയും ബൈപാസ് ചെയ്യുന്ന തീരുമാനമായി അതു മാറി.

ആരോഗ്യശാസ്ത്രത്തെക്കാളും ആരോഗ്യ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയെന്ന് ശ്രീചിത്ര മുൻ ഡയറക്ടറായിരുന്ന ഡോ. ആശ കിഷോർ ഓർമിക്കുന്നു. അലോപ്പതി മേഖലയിൽനിന്നു വിരമിച്ചശേഷം അദ്ദേഹം ആയുർവേദം പഠിച്ചു. ആയുർവേദ ബയോളജി എന്ന പുതിയ മേഖലയ്ക്കും അദ്ദേഹം തുടക്കമിട്ടുവെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധൻ ഡോ. വി. രാമൻ കുട്ടി ഓർമിക്കുന്നു. രാജ്യം നാഷനൽ പ്രഫസർ പദവി നൽകി ആദരിച്ച വല്യത്താന്റെ ജീവിതത്തിൽനിന്ന്. 

ഡോ. എം. എസ്. വലിയത്താൻ
ഡോ. എം. എസ്. വലിയത്താൻ

∙ അവർ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കി, മുഴുവൻ സമയവും ആശുപത്രിക്കായി ചെലവഴിച്ചു 

വല്യത്താൻ പ്രവർത്തനം ഏറ്റെടുക്കുന്നതുവരെ ശ്രീചിത്ര പോലൊരു സ്വതന്ത്രമായ സർക്കാർ ആശുപത്രിയുടെ മാതൃക കേരളത്തിലില്ലായിരുന്നു. മെഡിക്കൽ കോളജിന്റെയോ ആരോഗ്യവകുപ്പിന്റെയോ കീഴിലല്ലാത്ത ഗവേഷണ സ്ഥാപനമെന്ന കാഴ്ചപ്പാട് രൂപീകരിച്ചതും ഏറ്റെടുത്ത് നടത്തിയതും വല്യത്താനായിരുന്നു. ‘‘പ്രാക്ടീസുള്ള ഡോക്ടർമാരായിരുന്നു അന്നൊക്കെ ആശുപത്രിയുടെ കേന്ദ്രം. ശ്രീചിത്രയുടെ വരവോടെ ആശുപത്രിയുടെ മികവിന്റെ പേരിൽ രോഗികൾ അങ്ങോട്ടേക്കെത്തി. ഡോക്ടർമാർക്ക് മികച്ച വേതനവ്യവസ്ഥ നൽകി, പ്രൈവറ്റ് പ്രാക്ടീസ് നടത്താതെ, മുഴുവൻ സമയവും രോഗികൾക്കായി ചെലവഴിക്കുന്ന സങ്കൽപം നടപ്പിലാക്കി. അക്കാലത്ത് അതു നൂതന ആശയമായിരുന്നു. ഇന്നും അത്തരം ആശുപത്രികൾ കുറവാണ്’’– ശ്രീചിത്രയിലെ അച്യുതമേനോൻ പഠനഗവേഷണ കേന്ദ്രത്തിന്റെ മേധാവിയായിരുന്ന ഡോ.വി.രാമൻകുട്ടി പറയുന്നു.

ഡോ. ആശ കിഷോർ ചിത്രം∙ മനോരമ
ഡോ. ആശ കിഷോർ ചിത്രം∙ മനോരമ

മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ നിർദേശപ്രകാരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി എത്തുമ്പോൾ ചുരുക്കം കെട്ടിടങ്ങളും വിരലിലെണ്ണാവുന്ന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. വല്യത്താന്റെ ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളാണു ശ്രീചിത്രയെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർത്തിയത്.

‘‘വിരമിച്ച ശേഷവും അദ്ദേഹം ശ്രീചിത്രയിൽ സ്ഥിരമായി വരുമായിരുന്നു. ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ഗവേഷണ സമിതിയുടെ ചെയർമാനായിരുന്നു. രാജ്യത്തെ മികച്ച ശാസ്ത്രജ്ഞന്‍മാരെ സമിതിയുടെ ഭാഗമാക്കി. പലയിടത്തുമുള്ള മികച്ച ശാസ്ത്രജ്ഞരെ ശ്രീചിത്രയിലെത്തിച്ചു. ശ്രീചിത്രയുടെ പൂജപ്പുര ക്യാംപസിനു തുടക്കമിട്ടതും അദ്ദേഹമാണ് മൂന്നു മാസം കൂടുമ്പോൾ ചേരുന്ന യോഗങ്ങളിൽ സ്ഥിരമായെത്തി നിർദേശങ്ങൾ നൽകി’’ – ഡോ. ആശ കിഷോർ ഓർമിക്കുന്നു. 

∙ വല്യത്താൻ അന്നേ പറഞ്ഞു, വേണം ആരോഗ്യ ടെക്നോളജി 

ജനങ്ങൾക്കു മികച്ച ചികിത്സ ലഭിക്കുന്നതോടൊപ്പം തദ്ദേശീയമായി സാങ്കേതിക വിദ്യകൾ വികസിപ്പിക്കണമെന്നതായിരുന്നു വല്യത്താന്റെ കാഴ്ചപ്പാട്. ഗവേഷണ മേഖലയിൽ ശ്രീചിത്രയെ മുന്നിലെത്തിച്ചതു വല്യത്താനാണ്. ശ്രീചിത്രയിലെ കൃത്രിമവാൽവുകളും ബ്ലഡ് ബാഗും നിർമിച്ചു തുടങ്ങിയത് വല്യത്താൻ ഡയറക്ടറായിരുന്നപ്പോഴാണ്. ‘ ആരോഗ്യശാസ്ത്രത്തെക്കാളും ആരോഗ്യ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു കൂടുതൽ താൽപര്യം. ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ മുൻപ് പുറത്തുനിന്നു കൊണ്ടുവരികയായിരുന്നു.

സാങ്കേതികവിദ്യ ഇവിടെ വികസിപ്പിക്കണമെന്നും അതിനുള്ള ശാസ്ത്രജ്ഞർ നമുക്കുണ്ടെന്നും അദ്ദേഹം നിലപാടെടുത്തു. അതിനായാണു ശ്രീചിത്രയിൽ ടെക്നോളജി വിഭാഗം തുടങ്ങിയത്. ലോകത്തെ ഏതു വാൽവുകളെക്കാളും മികച്ചതാണു ശ്രീചിത്രയിലെ ഹൃദയ വാൽവ്. വാൽവുകൾക്കു പുറമേ ഹൃദയത്തിലെയും തലച്ചോറിലെയും സ്റ്റെന്റുകൾ, ബയോളജിക്കൽ ഹാർട്ട് വാൽവ് അങ്ങനെ നിരവധി കാര്യങ്ങൾ ശ്രീചിത്രയിൽ ഇപ്പോൾ നിർമിക്കുന്നുണ്ട്’’ – ആശ കിഷോർ പറയുന്നു.

‘‘രാജ്യത്ത് മെഡിക്കൽ വ്യവസായ മേഖല ഇല്ലായിരുന്നു. അതിനു തുടക്കമിട്ടത് വല്യത്താനാണ്. ഹൃദയ വാൽവിന്റെ ഗവേഷണം 76ൽ ശ്രീചിത്ര ആരംഭിച്ചു. എൺപതുകളുടെ അവസാനത്തോടെ വാൽവ് വികസിപ്പിച്ചു. വാൽവ് വികസിപ്പിക്കുക മാത്രമല്ല അതിനെ വിപണിയിലെത്തിക്കാനും മാതൃകയുണ്ടാക്കി. ഒരു ഉൽപ്പന്നം നിർമിച്ചാൽ അത് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയുണ്ടായിരുന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വാൽവുകൾ നിർമിച്ചത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ബ്ലഡ് ബാഗുകളും ശ്രീചിത്ര വികസിപ്പിച്ചത്. ഇന്ത്യയില്ലാത്ത ഉൽപ്പന്നം നിർമിച്ച് ലോകത്തിനു വല്യത്താൻ കേരളത്തിന്റെ മികവ് കാട്ടികൊടുത്തു’’ – ഡോ. രാമൻകുട്ടി പറഞ്ഞു.

∙ അദ്ദേഹം സംസ്കൃതം പഠിച്ചു, ചരക സംഹിത വിലയിരുത്തി 

ഗവേഷണ രംഗത്ത് വല്യത്താന്റെ സംഭാവന വലുതാണ്. കേരളത്തിൽ എൻഡോമയോ കാർഡിയൽ ഫൈബ്രോസിസ് രോഗികൾ കൂടുതലായിരുന്നു. ഹൃദയത്തെ ബാധിക്കുന്ന അസുഖമാണിത്. ‘‘ഹൃദയത്തിലെ അകത്തെ ഭാഗത്തെ മസിലുകൾ ഫൈബറായി മാറുമ്പോൾ ഹൃദയത്തിനു പ്രവർത്തിക്കാൻ കഴിയാതെവരും. കേരളത്തിലാണ് ഇതു കൂടുതലായി കാണപ്പെട്ടിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഉഗാണ്ടയിലും ബ്രസീലിലും രോഗം റിപ്പോർട്ടു ചെയ്തിരുന്നു. ഇപ്പോഴും രോഗകാരണം വ്യക്തമല്ല. ഇതുസംബന്ധിച്ചു വല്യത്താനും സഹപ്രവർത്തകരും ഗവേഷണം നടത്തി ചില നിഗമനങ്ങളിലെത്തി. ചില തിയറികളും തെളിവുകളും മുന്നോട്ടുവച്ചു. അതു ശ്രദ്ധേയമായി.

ഡോ.രാമൻകുട്ടി (ചിത്രം∙ മനോരമ)
ഡോ.രാമൻകുട്ടി (ചിത്രം∙ മനോരമ)

കേരളത്തിൽ ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. തിരക്കുള്ള ഡോക്ടർക്കു കാര്യമായ ഗവേഷണം നടത്താമെന്ന മോഡലും അദ്ദേഹം കാണിച്ചുതന്നു. ശ്രീചിത്രയിൽ ഗവേഷണ മോഡൽ കൊണ്ടുവന്നു. പിന്നീട് ആർസിസി അടക്കമുള്ള ആശുപത്രികൾ ഈ മോഡൽ ഏറ്റെടുത്തു. കേരളത്തിൽനിന്നു പോകുന്ന മെഡിക്കൽ ഗവേഷണ രംഗത്തെ പ്രബന്ധങ്ങള്‍ നോക്കിയാൽ ശ്രീചിത്രയും ആർസിസിയുമാണു മുന്നിൽ‌’’ – ഡോ. രാമൻകുട്ടി പറഞ്ഞു. 

വിരമിച്ചശേഷം ആയുർവേദ ആചാര്യൻ രാഘവപെരുമാളിന്റെ അടുത്തുപോയി സംസ്കൃതം പഠിച്ചു. ചരക സംഹിത, അഷ്ടാംഗ ഹൃദയം എന്നീ പുസ്കങ്ങളെക്കുറിച്ചു പഠിച്ചു വിലയിരുത്തി ലേഖനങ്ങളെഴുതി. റിട്ടയർ ചെയ്തശേഷം കേരളത്തിൽ തുടർന്നില്ല. മണിപ്പാൽ യൂണിവേഴ്സിറ്റി രൂപീകൃതമായപ്പോൾ അദ്ദേഹത്തെ അവർ ക്ഷണിച്ചു. 94ൽ വിസിയായി. സ്ഥലം ഇഷ്ടപ്പെട്ടതിനെ തുടർന്ന് അവിടെ തുടർന്നു. വിരമിച്ചശേഷം കേന്ദ്ര സർക്കാർ നാഷനൽ പ്രഫസർ എന്ന പദവി വല്യത്താനു നൽകി. വളരെ അപൂർവമായ ബഹുമതിയാണിത്. ആയുർവേദവും ആധുനികശാസ്ത്രവുമായി സംയോജിപ്പിച്ച് ആയുർവേദ ബയോളജി എന്ന പുതിയ മേഖലയ്ക്ക് വല്യത്താൻ തുടക്കമിട്ടു. നൂതനമായ ആശയങ്ങൾ റിട്ട. ചെയ്തതിനുശേഷവും നടപ്പിലാക്കി. മണിപ്പാലിൽ ഗവേഷണ കാര്യങ്ങളിലും എഴുത്തിലും വ്യാപൃതനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com