ADVERTISEMENT

തിരുവനന്തപുരം ∙ കേരള പൊലീസിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് റുമേനിയക്കാരനായ യുവാവാണെന്ന് ഒടുവില്‍ കണ്ടെത്തി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബുച്ചാറെസ്റ്റില്‍ താമസിക്കുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തി കേരളാ പൊലീസിനോടു വില പേശിയതെന്നു കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേരളാ പൊലീസ് വിവരശേഖരണത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റംസിന് (സിസിടിഎന്‍എസ്) നേരെ ഹാക്കിങ് ശ്രമം നടന്നത്. 

പൊലീസിന്റെ ഡേറ്റാ സ്‌റ്റോറേജ് സംവിധാനത്തിന്റെ നട്ടെല്ലായ സിസിടിഎന്‍എസില്‍ കടന്നുകയറിയെന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നുമാണ് യുവാവ് അവകാശപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അറിയിച്ചു. തെളിവായി തിരൂര്‍ സ്‌റ്റേഷനില്‍നിന്ന് ചോര്‍ത്തിയെന്ന് അവകാശപ്പെട്ടതുള്‍പ്പെടെ മൂന്നു രേഖകള്‍ നല്‍കി. എന്നാല്‍ ഈ രേഖകള്‍ രഹസ്യമായവ അല്ലെന്നും പൊതു പ്ലാറ്റ്‌ഫോമില്‍ ലഭ്യമായവ ആണെന്നും അന്വേഷണത്തില്‍ വ്യക്തമായതോടെ ഹാക്കറുടെ അവകാശവാദം പൊളിഞ്ഞു. 

തുടര്‍ന്ന് സൈബര്‍ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയാരാണെന്നു കണ്ടെത്തിയത്. ഇയാളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. പണം നേടാന്‍ വേണ്ടി യുവാവ് ഒറ്റയ്ക്കാണ് ഹാക്കിങ് ശ്രമം നടത്തിയതെന്നാണു പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിനു ശേഷം സിസിടിഎന്‍എസ്  സംവിധാനത്തിനു ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

English Summary:

Romanian Hacker Targets Kerala Police's Cyber System, Claims Data Leak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com