ഐഎൻഎസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: 3 ദിവസത്തിനു ശേഷം നാവികന്റെ മൃതദേഹം കണ്ടെത്തി
Mail This Article
മുംബൈ∙ മുംബൈയിൽ ഐഎൻഎസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തിൽപ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദഗ്ധരുടെ സംഘമാണു 3 ദിവസത്തിനു ശേഷം സീമെൻ സിതേന്ദ്ര സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ചയാണു മുംബൈ ഡോക്യാർഡിൽ വച്ച് ഐഎൻഎസ് ബ്രഹ്മപുത്രയ്ക്കു തീപിടിച്ചത്. തീപിടിത്തത്തിനിടെ വെള്ളത്തിലേക്ക് എടുത്തു ചാടിയ നാവികനെ കാണാതാവുകയായിരുന്നു. നീന്തി വരുന്നതു കണ്ടെന്ന് ദൃക്സാക്ഷി മൊഴി നൽകിയെങ്കിലും പിന്നീട് വിവരമില്ലായിരുന്നു. അതേ സമയം, തീപിടിത്തത്തിൽ ഗുരുതരമായി കേടുപാടു സംഭവിച്ച ഐഎൻഎസ് ബ്രഹ്മപുത്രയുടെ തകരാറുകൾ പരിഹരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും.
തീപിടിത്തത്തെ തുടർന്നു കപ്പൽ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. ഇതു നേരെയാക്കാനുള്ള ശ്രമം ഫലം കണ്ടില്ല. കപ്പലിന് അതീവ ഗുരുതരമായ തകരാർ സംഭവിച്ചെന്നാണു വിലയിരുത്തൽ. ഇതു തിട്ടപ്പെടുത്താൻ കൂടുതൽ പരിശോധന വേണം. ഇന്നലെ നാവിക സേനാ മേധാവി മുംബൈയിൽ എത്തി നേരിട്ടു വിവര ശേഖരണം നടത്തിയിരുന്നു. 2000 മുതൽ നാവിക സേനയുടെ ഭാഗമാണ് ഐഎൻഎസ് ബ്രഹ്മപുത്ര.