ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ സിപിഎം നിര്‍ദേശിച്ച തിരുത്തല്‍ നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ ഉയര്‍ത്തിയ 2023 ഏപ്രിലിലെ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനു സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നിര്‍ദേശം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു തോല്‍വിയെ തുടര്‍ന്നുള്ള തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് പാര്‍ട്ടി തീരുമാനം. പെര്‍മിറ്റ് ഫീസിലെ വന്‍വര്‍ധന വ്യാപക പ്രതിഷേധത്തിന് കാരണമായെങ്കിലും പുനഃപരിശോധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 

കെട്ടിടനിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ വരുത്തിയ വര്‍ധന അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അപേക്ഷാ ഫീസ് 50 രൂപയില്‍നിന്ന് 1,000 രൂപയായി ഒറ്റയടിക്കു കൂട്ടി. പെര്‍മിറ്റ് ഫീസ് പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍നിന്നു 7500 രൂപയായും വലിയ വീടുകള്‍ക്ക് 1750 രൂപയില്‍നിന്നു 25,000 രൂപയായും കൂട്ടി. നഗരമേഖലയില്‍ ചെറിയ വീടുകള്‍ക്കു 750 രൂപയില്‍നിന്നു 15,000 രൂപയായും വലിയ വീടുകള്‍ക്കു 2500 രൂപയില്‍നിന്ന് 37,500 രൂപയായും വര്‍ധിപ്പിച്ചു. ചുരുക്കത്തില്‍ ഏഴായിരം രൂപ ചെലവാകുന്നിടത്ത് എഴുപതിനായിരം വരെ ചെലവ് എന്ന സ്ഥിതി സംജാതമായിരുന്നു. 

കുത്തനെ കൂട്ടിയ നിരക്കുകളില്‍ 60 ശതമാനത്തോളം കുറവാണു വരുത്തിയിരിക്കുന്നത്. കെട്ടിട നിർമാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. 60% വരെയാണു ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ധനവില്‍നിന്നു കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണു പുതിയ നിരക്ക്. കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും. 

ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് സ്‌ക്വയര്‍ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ സ്‌ക്വയര്‍ മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും‌ം മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണു കുറയ്ക്കുന്നത്. 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും, മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്. 

2023 ഏപ്രില്‍ 1 ന് മുന്‍പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ 1ന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ചു വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ 4 വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ചു പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണു ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരും. കേരളത്തില്‍ നിലവിലുള്ള പെര്‍മ്മിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെര്‍മിറ്റ് ഫീസാണ് എന്ന വസ്തുത നിലനില്‍ക്കെ തന്നെയാണു സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാന്‍ തയ്യാറാവുന്നതെന്നു മന്ത്രി പറഞ്ഞു.

നികുതി റിബേറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒടുക്കേണ്ട ഒരു വര്‍ഷത്തെ വസ്തുനികുതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം, അതായത് ഏപ്രില്‍ 30നകം അടയ്ക്കുകയാണെങ്കില്‍ 5% റിബേറ്റ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

English Summary:

Minister MB Rajesh Announces Permit Fee Cuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com