കേരളത്തിലെ മാധ്യമങ്ങൾ കർണാടകയെ കുറ്റപ്പെടുത്തുന്നുവെന്ന് പരാതി; കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നെന്ന് എംഎൽഎ
Mail This Article
കാർവാർ∙ ഷിരൂരിൽ കർണാടക ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേരളത്തിലെ ചില മാധ്യമങ്ങൾ അനാവശ്യമായി കർണാടകയെ കുറ്റപ്പെടുത്തുന്നുവെന്നു പരാതി. കേരളത്തെ പ്രതിനിധീകരിച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ് പങ്കെടുത്തു. അങ്കോല ഇന്റർനാഷനൽ ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഓൺലൈനായാണു കർണാടക ചീഫ് സെക്രട്ടറി പങ്കെടുത്തത്. ഉത്തര കനസ ഡിസ്ട്രിക്ട് കമ്മിഷണർ, പൊലീസ് സൂപ്രണ്ട്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ മാധ്യമങ്ങൾ കർണാടകയെ കുറ്റപ്പെടുത്തുന്നില്ലെന്നും ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണു ചെയ്തതെന്നും എ.കെ.എം. അഷറഫ് എംഎൽഎ വിശദീകരിച്ചു. മാധ്യമങ്ങളുമായി അകലം കുറയ്ക്കാനുള്ള നടപടികൾ നിർദേശിച്ചു. അടിയന്തര തിരച്ചിൽ ഊർജിതപ്പെടുത്തുന്നതിനും കൂടുതൽ ഉപകരണങ്ങൾ എത്തിക്കേണ്ടതിനുമുള്ള കാര്യങ്ങളും ചർച്ച ചെയ്തു. അർജുനെ കണ്ടെത്താനുള്ള ശ്രമത്തിൽ കേരളം കർണാടകയ്ക്ക് ഒപ്പം ആണെന്ന് എംഎൽഎ അറിയിച്ചു.
കേരളത്തിന്റെ നന്ദി എംഎൽഎയും സഹകരണത്തിനുള്ള കേരളത്തോടുള്ള നന്ദി കർണാടക ചീഫ് സെക്രട്ടറിയും അറിയിച്ചു. അർജുനെയും ലോറിയെയും കണ്ടെത്താനുള്ള കൃത്യമായ പദ്ധതി ഉണ്ടെന്നു യോഗത്തിൽ വ്യക്തമാക്കി. ഗോവയിൽനിന്ന് കൂടുതൽ ഉപകരണങ്ങൾ ഉടനെ എത്തിക്കുമെന്നും യോഗത്തിൽ അറിയിച്ചു.