ADVERTISEMENT

കൊച്ചി ∙ ജോലിഭാരവും സൗകര്യങ്ങളുടെ കുറവും കാരണം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ. കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൊച്ചി ഓഫിസാണ് ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചത്. ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഹൈറിച്ചുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ അന്വേഷണം സിബിഐയെ ഏൽപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇതുവരെ പുറപ്പെടുവിക്കാത്തതിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിലുള്ള നിലപാട് സിബിഐയുടെ കേന്ദ്ര ഓഫിസ് ഹൈക്കോടതിയെ അറിയിച്ചത്. 

ഇക്കഴിഞ്ഞ ഏപ്രിൽ 5നാണ് സംസ്ഥാന സർക്കാർ ഹൈറിച്ച് കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്രം ഇക്കാര്യത്തിൽ കൊച്ചി ഓഫിസിനോട് വിശദീകരണം തേടി. തുടർന്നു നൽകിയ മറുപടിയിലാണ് കൊച്ചി ഓഫിസ് കേസ് ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വലിയ സാമ്പത്തിക തട്ടിപ്പുകളുടെ ആധിക്യം മൂലം ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണെന്നാണ് കൊച്ചി ഓഫിസ് അറിയിച്ചിരിക്കുന്നത്.

ഇനി കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകേണ്ടത് കേന്ദ്ര സർക്കാരിൽ നിന്നാണ്. ഇതു സംബന്ധിച്ച് വിജ്ഞാപനമൊന്നും ലഭിച്ചിട്ടില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല, ഹൈറിച്ച് കേസിലെ നിക്ഷേപങ്ങളുടെ സ്വഭാവം ബഡ്സ് ആക്ടിന്റെ പരിധിയില്‍ വരുമോയെന്നും അതുകൊണ്ടു തന്നെ കേസ് ഏറ്റെടുക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നിലനിൽക്കുമോയെന്നുമുള്ള സംശയവും സിബിഐ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൈറിച്ചുമായി ബന്ധപ്പെട്ട് സിബിഐയുടെ കൊച്ചി ഓഫിസ് കേസുകളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും കേന്ദ്ര ഓഫിസ് അറിയിച്ചു. കേസ് അടുത്ത മാസം 16ലേക്ക് മാറ്റാൻ ജസ്റ്റിസ് ബെ‍ച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. 

പുതിയ കേസുകൾ റജിസ്റ്റർ ചെയ്യാൻ അനുവദിക്കരുതെന്നും തങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി ഉടമകളായ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയും സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. എന്നാൽ സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ ഹൈറിച്ച് കേസിൽ സംസ്ഥാന പൊലീസിന് അന്വേഷണം തുടരാമെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു. കേസന്വേഷണം സിബിഐ ഏറ്റെടുത്തതു സംബന്ധിച്ച് വിജ്ഞാപനമൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് അന്വേഷണം എവിടെയും എത്താതെ പോകാൻ പാടില്ല എന്ന് വ്യക്തമാക്കി അന്വേഷണം തുടരാൻ കോടതി സംസ്ഥാന പൊലീസിന് നിർദേശം നൽകിയത്. 

ഇതുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി കമ്പനി ഉടമയായ പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനാൽ സാമ്പത്തിക തട്ടിപ്പു കേസിൽ മറ്റൊരു കേന്ദ്ര ഏജൻസി കൂടി അന്വേഷിക്കേണ്ടതുണ്ടോ എന്ന സംശയം നിലനിൽക്കുന്നതിനാലാണ് സിബിഐ കേസന്വേഷണം ഏറ്റെടുക്കാത്തത് എന്നായിരുന്നു വാർത്തകൾ. പിന്നാലെയാണ് സിബിഐ കൊച്ചി ഓഫിസ് തങ്ങളുടെ അവസ്ഥ കോടതിയെ അറിയിച്ചിരിക്കുന്നത്.

പലചരക്ക് ഉൾപ്പെടെ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിചെയിൻ മാതൃകയില്‍ ഹൈറിച്ച് കമ്പനി ഉടമകൾ 3141 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് തൃശൂർ ചേർപ്പ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസും പുരോഗമിക്കുന്നത്. ക്രിപ്റ്റോകറൻസി വഴി 1000 കോടി രൂപയിലേറെ വിദേശത്തേക്ക് കടത്തിയതായും ഇ.ഡി സംശയിക്കുന്നുണ്ട്.

English Summary:

Difficulty for CBI to crack Highrich fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com