ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ചേർന്ന ക്യാംപ് എക്സിക്യുട്ടിവ് തീരുമാനങ്ങൾ നടപ്പാക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. തിരുവനന്തപുരം ജില്ലയിൽ വിളിച്ചുചേർത്ത ക്യാംപ് എക്സിക്യുട്ടിവ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബഹിഷ്കരിച്ചു. എല്ലാ ജില്ലയിലും പ്രതിപക്ഷ നേതാവ് കൂടി പങ്കെടുത്തുകൊണ്ട് ക്യാംപ് എക്സിക്യുട്ടിവ് ചേരാനാണു തീരുമാനിച്ചിരുന്നത്.

വയനാട് ക്യാംപിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഡിസിസി പ്രസിഡന്റുമാർക്കു നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഈ വാട്സാപ് ഗ്രൂപ്പിൽനിന്നും പ്രവർത്തനത്തിൽനിന്നും തങ്ങളെ മാറ്റി നിർത്തിയതായി ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾ പരാതിപ്പെടുകയായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ രാത്രി കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഓൺലൈനായി കെപിസിസി ഭാരവാഹി യോഗം വിളിച്ചപ്പോൾ പ്രതിപക്ഷ നേതാവിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. 

ഇതോടെയാണ് തന്നെ അറിയിക്കാതെ യോഗം വിളിച്ചതിൽ  പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ക്യാംപ് എക്സിക്യുട്ടിവിൽനിന്ന് വി.ഡി.സതീശൻ അവസാന നിമിഷം പിൻമാറിയത്. അതേസമയം ജില്ലയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് മറ്റു ചില പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. വയനാട് ക്യാംപിലെ തീരുമാനങ്ങൾ എങ്ങനെ നടപ്പാക്കണമെന്നതിൽ എഐസിസി വ്യക്തത വരുത്തിയശേഷം മാത്രം ഇനി ക്യാംപുകളിൽ പങ്കെടുക്കാമെന്നതാണ് വി.ഡി.സതീശന്റെ ഇപ്പോഴത്തെ നിലപാട്.

English Summary:

Opposition Leader Protests: VD Satheesan Withdraws from Congress Executive Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com