ADVERTISEMENT

ആലപ്പുഴ∙ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു. 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകൻ അനന്തു (29) എന്നിവരാണു മരിച്ചത്. സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖിൽ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടിൽ അശ്വിൻ (21) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണു. രാത്രി ഒൻപതോടെ പ്രീതികുളങ്ങര തെക്കായിരുന്നു അപകടം. ഡിവൈഎഫ്ഐ പ്രവർത്തകരായ രജീഷും സുഹൃത്തുക്കളും മാരൻകുളങ്ങരയിൽ നിന്നു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 

നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് ദ്യാരക തോട്ടു ചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിയെത്തിയപ്പോൾ കാർ മറിഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണഞ്ചേരി പൊലീസും അഗ്നിശമന രക്ഷാസേനയും എത്തി കാർ നേരെയാക്കി യാത്രക്കാരെ പുറത്തെടുത്തു. രജീഷിനെ പൊലീസ് ജീപ്പിലും മറ്റുള്ളവരെ സ്വകാര്യവാഹനങ്ങളിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്. മണിയപ്പൻ-ഓമന ദമ്പതികളുടെ മകനാണ്. സഹോദരി: റാണി. കയർഫെഡിലെ ജോലിക്കാരനാണ് അനന്തു. മാതാവ്: ബീന. സഹോദരൻ: അർജുൻ.

English Summary:

Two DYFI members died in car crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com