ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിനു കേന്ദ്രം പ്രളയ-പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23നു തന്നെ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണു വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടാകാൻ കാരണമെന്ന് രാജ്യസഭയിലെ അമിത് ഷായുടെ പ്രസംഗത്തോടെ വ്യക്തമായെന്നും സുരേന്ദ്രൻ പറഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണു കോൺഗ്രസ്-സിപിഎം അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതെന്നും തെളിഞ്ഞിരിക്കുകയാണ്. ഒരാഴ്ച മുൻപു തന്നെ എൻഡിആർഎഫ് സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിട്ടും സംസ്ഥാന സർക്കാർ എന്തുകൊണ്ടാണു ജനങ്ങൾക്കു മുന്നറിയിപ്പു നൽകാതിരുന്നതെന്നു മനസ്സിലാകുന്നില്ല. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി പറയണം. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിനു സംസ്ഥാന സർക്കാർ കാരണക്കാരായിരിക്കുകയാണ്.

സംസ്ഥാനം നിസംഗത പുലർത്തിയതു കൊണ്ടാവണം ജൂലൈ 24നും 25നും കേന്ദ്രം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26ന് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കാത്തതു ഞെട്ടിക്കുന്നതാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചിട്ടും അതിന് ഏറ്റവും സാധ്യതയുള്ള മേഖലകളിൽ പോലും ഒരു നടപടിയുമുണ്ടായില്ലെന്നതു ഗുരുതരമായ കൃത്യവിലോപമാണ്. ബന്ധപ്പെട്ടവരെ മാറ്റി താമസിപ്പിക്കാനും വേണ്ട സ്ഥലങ്ങളിൽ എൻഡിആർഎഫിനെ വിനിയോഗിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു.

2016 ൽ ഇന്ത്യയിൽ ആരംഭിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനം 2023 ഓടെ ഏറ്റവും ആധുനികമായ രീതി കൈവരിച്ചിരിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി പാർലമെന്റിൽ പറഞ്ഞത്. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ 7 ദിവസം മുൻപു പ്രവചിക്കാൻ കെൽപ്പുള്ള 4 രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂ, അതിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. 2000 കോടി രൂപയാണ് ഈ സംവിധാനത്തിനു വേണ്ടി കേന്ദ്രസർക്കാർ ചെലവഴിച്ചത്. എന്നിട്ടും വയനാട്ടിലെ നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

. K. Surendran Blames State Neglect for Wayanad Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com