10 ജില്ലകളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 4 ജില്ലകളിൽ റെഡ് അലർട്ട്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ, ട്യൂഷൻ ക്ലാസുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അങ്കണവാടികൾ, പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.
കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്രസർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കു സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് രണ്ടിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയും വെള്ളക്കെട്ടും മൂലം കുന്നംകുളം - തൃശൂർ സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചൂണ്ടൽ മുതൽ തൃശൂർ ശോഭാ സിറ്റി വരെയുള്ള വിവിധ ഇടങ്ങളിൽ സംസ്ഥാനപാതയിൽ വെള്ളം കയറിയതോടെയാണ് ഗതാഗതം നിരോധിച്ചത്. ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞു താഴുന്നുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.