കെട്ടിപ്പുണർന്ന് കിടക്കുന്ന മൃതദേഹങ്ങൾ, കസേരയിലിരുന്ന് ജീവനറ്റവർ: നെഞ്ചുലയ്ക്കുന്ന മുണ്ടക്കൈ
Mail This Article
മേപ്പാടി∙ രക്ഷാപ്രവർത്തകർക്കായി ‘കൈ’ നീട്ടുകയാണ് മുണ്ടക്കൈ. ഇവിടുത്തെ വീടുകൾക്കിടയിൽ ഇനിയും മനുഷ്യരുണ്ട്. രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്നു രാവിലെ മുണ്ടക്കൈയിലെത്തിയത്. എന്നാൽ ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിക്കാൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധന സാധ്യമല്ല. ഡോഗ് സ്ക്വാഡിനെ അടക്കം പ്രയോജനപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ തിരയുകയാണ് സംഘം ചെയ്യുന്നത്. താൽക്കാലിക പാലം നിർമിച്ച ശേഷം രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ക്യാംപുകളില്‍ കഴിയുകയാണ് രക്ഷപ്പെട്ടവര്‍. വേദന തിന്ന ഒരു പകലും രാത്രിയും കടന്നുപോയി. ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട അവർക്കു മുന്നിൽ ജീവിതം ഒരു ചോദ്യചിഹ്നമാകുന്നു. ഇന്നലെ പുഴയില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. അതുകൊണ്ടു തന്നെ അധികം ഒഴുക്കില്ലാത്ത ഭാഗങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്, പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി വരുന്നതു മുതല്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ചകള്‍ വരെയാണ് മുണ്ടക്കൈയില്‍ ദുരന്തത്തിന്റെ അവശേഷിപ്പുകൾ.
മുണ്ടക്കൈയില്‍ എല്ലാം തകർന്ന് മണ്ണിലാണ്ടുപോയ വീടുകൾക്കടിയിൽ രക്ഷാസംഘം പരിശോധന തുടരുകയാണ്. വീടുകൾക്കടുത്തെത്തുമ്പോൾ കിട്ടുന്ന മൃതദേഹത്തിന്റെ മണം പിടിച്ചാണ് പല വീടുകളും പൊളിച്ച് രക്ഷാസംഘം അകത്ത് കയറുന്നത്. എന്നാൽ ഓരോ വീടുകൾക്കുള്ളിലും ഹൃദയഭേദകമായ കാഴ്ചകളാണ്. മണ്ണിനടിയിൽ പെട്ട ഒരു വീട്ടിൽ നിന്ന് കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൂന്നു മൃതദേഹം രക്ഷാസംഘം കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്നവരും പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ മരിച്ചു വീണവരുമെല്ലാം മുണ്ടക്കൈയിലുണ്ട്. എന്നാൽ അവസാന നിമിഷവും രക്ഷപ്പെടാനായി പെടാപാട് പെട്ട ഒരു മനുഷ്യന്റെ നിസ്സഹായത മുഴുവൻ ആ മൃതദേഹങ്ങളുടെ കണ്ണുകളിലുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നെന്നാണ് പഞ്ചായത്ത് അംഗം കെ.ബാബു പറയുന്നു. രാത്രി വരെ ദുരന്ത മുഖത്ത് ഉണ്ടായിരുന്നുവെന്നും കുടുങ്ങിക്കിടന്ന ഇരുന്നൂറോളം പേരെ ക്യാംപുകളിലേക്ക് മാറ്റിയെന്നും ബാബു പറഞ്ഞു. ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏറെ ദയനീയമായ കാഴ്ചകളാണ് ദുരന്ത മുഖത്ത് കണ്ടതെന്നും ബാബു പറഞ്ഞു നിര്‍ത്തുന്നു. ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരാണ്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെയുണ്ടാവും.