ADVERTISEMENT

വയനാട്ടിലെ ഉരുൾപൊട്ടലിൽപ്പെട്ട് ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ തേടി മുണ്ടേരി വനത്തിൽ തിരച്ചിലിനുപോയ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് പി.ഷബീർ നടുക്കുന്ന ഓർമകൾ പങ്കുവയ്ക്കുന്നു...

മലപ്പുറം∙ കുതിച്ചൊഴുകുന്ന ചാലിയാറിലെ ചെറിയ തുരുത്തിൽ, മുടി നന്നായി ചീകിയൊതുക്കി കിടന്നുറങ്ങുന്ന പോലെ ഒരു പെൺകുട്ടി. 14 വയസ്സുണ്ടാകും. മുഖത്ത് കമ്പും ചില്ലകളുമൊക്കെ തട്ടിയുണ്ടായ ചെറിയ പോറലുകൾ മാത്രം. മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായി ആളുകളുടെ മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിയെത്തുന്നെന്നു കേട്ട് വാണിയംപുഴ ഭാഗത്ത് തിരച്ചിലിനു ചെന്ന ആദ്യ ദിവസം ആദ്യമായി കണ്ട കാഴ്ചയായിരുന്നു അത്. പക്ഷേ, പിന്നീടുള്ള 3 ദിവസവും കൂടുതലും കണ്ടത് ആരോ മുറിച്ചിട്ടതുപോലെയുള്ള കൈകളും കാലുകളും തലയുമൊക്കെയായിരുന്നു.

∙ രണ്ടാം ദിനം വനത്തിലെ സാഹസികയാത്ര

ആദ്യ ദിവസം ഞങ്ങൾ സ്വമേധയാ ഇറങ്ങിത്തിരിച്ചതായിരുന്നുവെങ്കിൽ രണ്ടാം ദിവസം കൂടുതൽ സംഘടിതമായിരുന്നു. പുലർച്ചെ 5.50നു തന്നെ ഞങ്ങൾ മുണ്ടേരി ഫാമിലെത്തി. എൻഡിആർഎഫും അഗ്നിരക്ഷാസേനയും പൊലീസും കൂടാതെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകരും. 100 പേർ വരുന്ന ഒരു സംഘം ചാലിയാർ പുഴ കടന്നു വനത്തിലൂടെ തിരച്ചിലിനിറങ്ങി. ഞങ്ങൾ മുണ്ടേരി ഫാമിന്റെ വശത്തുകൂടി പുഴയോരം വഴി മുന്നോട്ടു നടന്നു.

∙ കൈകോർത്തും കയർ പിടിച്ചും മുന്നോട്ട്

20 പേർ വീതമുള്ള സംഘങ്ങളായാണു തിരച്ചിൽ. ഫാം പിന്നിട്ടതോടെ മൺപാത തീർന്നു. പിന്നെ കാട്ടിലൂടെ ഒറ്റയടിപ്പാത. ചെങ്കുത്തായ വനപ്രദേശമൊക്കെ കടന്നു സാഹസികമായാണു യാത്ര. ഒന്നു തെന്നിയാൽ ആർത്തലച്ചു നീങ്ങുന്ന പുഴയിലേക്കു വീഴുമെന്നുറപ്പ്. എങ്കിലും കണ്ണു പുഴയോരത്തെ മണൽത്തിട്ടകളിലും മരങ്ങളടിഞ്ഞു വീണ ഭാഗത്തും തന്നെയാണ്. ഇതിനിടെ അരുവികളും പുഴയും മുറിച്ചുകടന്നുവേണം മുന്നോട്ടുപോകാൻ. കയറിൽ പിടിച്ചും പരസ്പരം കൈകോർത്തു പിടിച്ചുമൊക്കെയാണു ശക്തിയായ ഒഴുക്കിനെ മറികടന്നത്. മൃതദേഹങ്ങളോ അവയവങ്ങളോ കിട്ടിയാൽ അവ കൊണ്ടുവരാനുള്ള ബെഡ്ഷീറ്റുകളും ചുമന്നാണു പോയത്. ആയുധമെന്നു പറയാൻ വെട്ടുകത്തി മാത്രം. ഇടയ്ക്കിടെ ശരീരാവശിഷ്ടങ്ങളും മറ്റും കണ്ടെത്തി

∙ ഞങ്ങളെ മാടിവിളിച്ച ചൂണ്ടുവിരൽ

കുമ്പളപ്പാറ ആദിവാസി ഊരും കടന്ന് 4 കിലോമീറ്ററെങ്കിലും പിന്നിട്ടപ്പോഴാണ് അന്നത്തെ ഏറ്റവും കഠിനമായ അനുഭവം കാത്തിരുന്നത്. പുഴയോരത്ത് അടിഞ്ഞുകിടന്ന മരത്തിനു താഴെ നിന്ന് ഒരു ചൂണ്ടുവിരൽ ഉയർന്നുനിൽക്കുന്നു. ഉടൻ അങ്ങോട്ടു നീങ്ങി. നോക്കുമ്പോൾ ഒരാളുടെ ശരീരം ആ മരത്തിനടിയിൽ പൂർണമായും മണ്ണിൽ പുതഞ്ഞ നിലയിലാണ്. വലതുകൈ തലയ്ക്കു വച്ച് കിടക്കുന്നതുപോലെ. വിരലുകളാകട്ടെ വെട്ടു കിട്ടി മുറിഞ്ഞപോലെയും.

കയ്യിലുള്ള വെട്ടുകത്തി കൊണ്ടും കൂർപ്പിച്ചെടുത്ത മരക്കമ്പുകൾ കൊണ്ടും ഞങ്ങൾ മണ്ണ് മാന്തി. അയാളുടെ ശരീരത്തിനു മുകളിലൂടെ കിടന്ന വൻമരം തന്നെയായിരുന്നു വലിയ തടസ്സം. 2 മണിക്കൂർ പണിപ്പെട്ടാണു മൃതദേഹം പൂർണമായും പുറത്തെടുത്തത്. 55 വയസ്സ് തോന്നിക്കുന്ന പുരുഷനാണ്. മീശ നരച്ചിട്ടുണ്ട്. മുടി ഇടവിട്ട് നരച്ച നിലയിലും. ശരീരം വെള്ളത്തിൽ കിടന്നു ചീർത്തിരുന്നു. മണ്ണും ചെളിയുമൊക്കെ കഴുകി നീക്കി. 3 ബെഡ് ഷീറ്റുകൾ നിരത്തി മൃതദേഹം അതിൽ കിടത്തി. തുടർന്ന് തലങ്ങും വിലങ്ങനെ വച്ച കമ്പുകളിൽ കെട്ടി. ഒരേ സമയം 9 പേർ മാറിമാറി പിടിച്ചു തിരിച്ചുനടന്നു. മൃതദേഹം പുറത്തെടുക്കുന്നതിനെക്കാൾ പ്രയാസപ്പെട്ടതു വാഹനമുള്ളിടത്തേക്കു കിലോമീറ്ററുകളോളം അതും വഹിച്ചുള്ള യാത്രയായിരുന്നു. പിന്നീട് ട്രാക്ടറിലേക്കു മാറ്റിയാണ് കൊണ്ടുപോയത്.

സൂചിപ്പാറയ്ക്ക് അടുത്തെത്തി‌

∙ കാടിനകത്ത് മൊബൈലിന് റേഞ്ച് ഇല്ലാതിരുന്നതിനാൽ കൂക്കി വിളിച്ചാണ് ആശയവിനിമയം നടന്നത്. എന്നാൽ ഒരിടത്തെത്തിയപ്പോൾ തമിഴ്നാടിന്റെ റേഞ്ച് കിട്ടി. അവിടെനിന്നു ഗൂഗിൾ മാപ്പ് വച്ച് നോക്കിയപ്പോൾ സൂചിപ്പാറയിലേക്കു വെറും 4 കിലോമീറ്ററെന്നു കാണിച്ചു. വീണ്ടും ഉരുൾപൊട്ടിയെന്ന് അഭ്യൂഹം പരന്നതോടെയാണ് ഞങ്ങൾ മടങ്ങിയത്. ഒരാളുടെ മൃതദേഹമടക്കം 18 ശരീരഭാഗങ്ങളാണ് അന്ന് ഞങ്ങൾക്കു ലഭിച്ചത്. കൈ, കാൽ, തുടഭാഗം, വൃക്ക തുടങ്ങിയവയൊക്കെ ലഭിച്ചു. ഒരു സ്ത്രീയുടെ മുഖത്ത് കമ്പ് ആഴത്തിൽ കുഴിഞ്ഞിറങ്ങിയതു പോലെയാണു കണ്ടെത്തിയത്.

∙തകർന്നുപോയത് ആ പാദരക്ഷകൾ കണ്ടപ്പോൾ

മനുഷ്യശരീരങ്ങൾ തേടിയാണു പോയതെങ്കിലും ഞങ്ങളാകെ തകർന്നുപോയ മറ്റൊരു രംഗമുണ്ട്. റെഡ് വൊളന്റിയർമാർക്കു നൽകുന്ന പാദരക്ഷകളുടെ 3 ജോഡിയാണ് ആ യാത്രയിൽ ഞങ്ങൾ കണ്ടത്. ഇതിനുപുറമേ വീട്ടുസാധനങ്ങളും മറ്റും പുഴയോരത്ത് അടിഞ്ഞുകൂടിക്കിടക്കുകയാണ്. 14 പാചകവാതക സിലിണ്ടറുകളാണു കണ്ടത്. ജനൽക്കട്ടിലകൾ, വീടിന്റെ അവശിഷ്ടങ്ങൾ, ചെരിപ്പുകൾ, പാത്രങ്ങൾ തുടങ്ങിയവയൊക്കെ ചിതറിക്കിടപ്പുണ്ടായിരുന്നു.

മൂന്നാം ദിവസമായ ഇന്നലെയും തിരച്ചിൽ ദൗത്യത്തിലേർപ്പെട്ടു. ജീർണിച്ചു തുടങ്ങിയ മൃതദേഹങ്ങളുടെ ഗന്ധം രണ്ടാം ദിവസം മുതൽ മൂക്കിൽ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എങ്കിലും നമ്മളെപ്പോലെയുള്ള ആളുകളാണല്ലോ തിരഞ്ഞുവരാൻ പോലും ആരുമില്ലാതെ ഈ പുഴയോരത്ത് കിടക്കുന്നതെന്നോർക്കുമ്പോൾ വീണ്ടും അവരെത്തേടി യാത്ര തുടരാനാണു മനസ്സ് പറയുന്നത്.

English Summary:

DYFI Malappuram President recounts Wayanad Landslide Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com