2 ദിവസം കൊണ്ട് രക്ഷിച്ചത് അഞ്ഞൂറോളം പേരെ, മേജര്‍ ജനറല്‍ വി.ടി.മാത്യുവിന് യാത്രയയപ്പ്; ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി
Mail This Article
മുണ്ടക്കൈ∙ വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി.മാത്യു നൂറുകണക്കിനാളുകൾക്കു രക്ഷനേടാൻ വഴി തുറന്നശേഷം മടങ്ങി. മേജർ ജനറലിന് നാടിന്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കലക്ടര്‍ ഡി. ആര്‍.മേഘശ്രീ യാത്രയയപ്പ് നല്‍കി. ബെംഗളൂരുവിലുള്ള കേരള-കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍നിന്നു ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അദ്ദേഹം നിരീക്ഷിക്കും. ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ നടന്ന ഉടന്‍ തന്നെ പൊലീസ്, ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് ഇന്ത്യന്‍ കരസേന എത്തുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നിരവധി ആളുകളെ രക്ഷിച്ചു. ജൂലൈ 31നാണു കേരള കര്‍ണാടക ജിഒസി (ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്) മേജര്‍ ജനറല്‍ വി.ടി. മാത്യു വരുന്നതും രക്ഷാദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500 ഓളം വരുന്ന സേനാംഗങ്ങളില്‍ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ ബെയ്‌ലി പാലം നിര്‍മിക്കുന്നതില്‍ അതിവിദഗ്ധരായ സൈനികരും ഉള്‍പ്പെട്ടിരുന്നു.
ആദ്യദിനം മുന്നൂറോളം പേരെയാണു ദുരന്തമുഖത്തുനിന്ന് എല്ലാവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഉടന്‍തന്നെ ബെയ്‌ലിപാലത്തിന്റെ നിര്‍മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനു നടപ്പാലവും നിര്‍മിച്ചു. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിനു മുൻപില്‍ ഉണ്ടായിരുന്നതു മലയാളിയായ മേജര്‍ ജനറല്‍ വി.ടി.മാത്യുവും സംഘവും ആയിരുന്നു. ഏകദേശം 500 പേരെയാണു രണ്ടുദിവസം കൊണ്ടു രക്ഷപ്പെടുത്തിയത്. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതികൂല കാലവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടു കൂടി കൂടുതല്‍ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് വി.ടി മാത്യു പറഞ്ഞു. ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴുമുട്ടത്താണ് വി.ടി.മാത്യുവിന്റെ ജനനം. തിരുവനന്തപുരം സൈനിക സ്‌കൂളിലായിരുന്നു പഠനം. പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമി പുണെയില്‍ പഠനവും പരിശീലനവും. തുടര്‍ന്ന് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പരിശീലനം. മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും (കാശ്മീരില്‍) ചൈന അതിര്‍ത്തിയിലും കമാന്‍ഡിങ് ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. 2021ല്‍ രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023ല്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്.