‘ഓട്ടോ ചാർജ് വേണ്ട, പകരം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാൽ മതി’: വയനാടിന് സഹായവുമായി ചെന്നൈയിൽ നിന്ന് ഓട്ടോ ഓടും
Mail This Article
കോട്ടയം∙ ദുരന്തം തകർത്ത വയനാടിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായത്തിന്റെ വിളികളെത്തുന്നുണ്ട്. അന്നന്നത്തെ വരുമാനത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ പോലും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുന്നവർക്ക് ആശ്വാസമാകുന്ന കാഴ്ചകളാണു നമുക്കു ചുറ്റും. അത്തരത്തിൽ സഹായത്തിന്റെ കരം നീട്ടി അടുത്ത ദിവസം മുതൽ ചെന്നൈയിൽ ഒരു ഓട്ടോ ഓടിത്തുടങ്ങും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ നൽകാനായി ക്യുആർ കോഡ് പതിപ്പിച്ച ബാനറുമായി. ഓട്ടോയുടെ മുന്നിൽ സഹജീവി സ്നേഹത്തിന്റെ ‘കേരള മോഡൽ അംബാസിഡറുമുണ്ടാകും’. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിയായ രാജി അശോകാണ് സ്വന്തം ഓട്ടോയിൽ വയനാടിനായി സഹായ യാത്ര ഒരുക്കുന്നത്. ദുരന്തത്തിന്റെ മുറിവുകൾ ഉണക്കാൻ മുളയ്ക്കുന്ന സ്നേഹത്തിന്റെ വിത്തുകളിലൊന്ന്!
ഓട്ടോയിൽ കയറുന്നവർ രാജിക്ക് പണം നൽകേണ്ടതില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആ പണം നൽകാം. ‘‘ ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഒരു നേരം പട്ടിണി കിടക്കുമ്പോൾ എത്ര ബുദ്ധിമുട്ടാണെന്നും അറിയാം. വർഷങ്ങൾക്ക് മുൻപ്, പ്രണയിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ ഞാനും ഭർത്താവും ജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാണ്. ഒരു നേരം കട്ടൻ ചായ പോലും മക്കൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റാത്ത അവസ്ഥ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ആ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനായി എനിക്ക് പറ്റുന്നതെല്ലാം ചെയ്യണമെന്നാഗ്രഹം എപ്പോഴുമുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടലിനെ പറ്റി കേട്ടപ്പോൾ മുതൽ ദുരന്തത്തിൽ പെട്ടവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിൽ കരുതിയിരുന്നതാണ്. പക്ഷേ, ഒരുപാട് പണമൊന്നും എന്റെ കയ്യിലില്ല. അങ്ങനെയാണ് സ്വന്തം വരുമാനം തന്നെ അവർക്കായി ഉപയോഗിക്കാം എന്ന ചിന്ത വന്നത്’’– രാജി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
‘‘ബുധനാഴ്ച മുതലാണു വണ്ടി സൗജന്യമായി ഓടിത്തുടങ്ങുക. ഓട്ടോയിൽ തമിഴിലും ഇംഗ്ലീഷിലും വയനാട്ടിലെ ഉരുൾപൊട്ടലിനെപ്പറ്റി ബാനർ വെക്കും. അതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി സ്കാൻ ചെയ്യാന്‍ ക്യുആർ കോഡും നൽകും. യാത്രക്കാർക്ക് പണം എനിക്ക് തരാതെ നേരിട്ട് ക്യുആർ കോഡ് വഴി സ്കാൻ ചെയ്ത് അയക്കാം. കൂടുതലായി പണം നൽകണമെന്നുള്ളവർക്ക് അതും നൽകാം. സ്കാനർ ഉപയോഗിച്ച് പണം നൽകാത്തവരുടെ കയ്യിൽ നിന്ന് പണം വാങ്ങി അത് ഞാൻ നേരിട്ട് ദുരിതാശ്വാസ നിധിയിലേക്ക് അയക്കും. ദിവസം 1,500 രൂപ മുതൽ 2,000 രൂപ വരെ കിട്ടുമെന്നാണ് കരുതുന്നത്. കൂടുതൽ ഓട്ടം കിട്ടാറുള്ളത് ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ്. ഈ ദിവസത്തെ പണമാണു ദുരിതാശ്വാസ നിധിയിലേക്ക് നൽകുക’’– രാജി പറഞ്ഞു. ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് രാജിയുടേത്.