മരണം 385: മൃതദേഹങ്ങൾ മറവ് ചെയ്യാൻ പ്രത്യേക ആക്ഷൻ പ്ലാൻ, മേപ്പാടിയിൽ അദാലത്ത്
Mail This Article
മുണ്ടക്കൈ∙ ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക്. ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ ചാലിയാറിൽ നടത്തിയ തിരച്ചിലിൽ 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു. മരണസംഖ്യ 369 ആയി. 53 ക്യാംപുകളിലായി 6759 പേരാണു കഴിയുന്നത്. ബെയ്‌ലി പാലം കടന്നു ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇന്നു മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒൻപതു വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നതു തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
വയനാടു ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളും കലക്‌ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാംപിൾ ശേഖരണം മേപ്പാടിയില്‍ ആരംഭിച്ചു.