‘മലയാളികളെ മോദി ഹൃദയത്തിൽ ചേർത്തുപിടിച്ചു; വയനാടിന് എല്ലാ പിന്തുണയും നൽകി’
Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം കേരളത്തിന് ഫലപ്രദമായെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുമുൻപ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. ‘‘ഏറെ സമയമെടുത്തു ദുരന്തത്തിന്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്ര മോദി സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്’’–സുരേന്ദ്രൻ പറഞ്ഞു.
‘‘കാര്യങ്ങൾ കൂടുതൽ പഠിച്ചു വിശദമായ നിവേദനം സമർപ്പിക്കാൻ അദ്ദേഹം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവും കേരളവും ഒന്നിച്ചു നിന്നാവും വയനാടിന്റെ പുനരധിവാസം സാധ്യമാക്കുക എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മലയാളികളെ ഹൃദയത്തിൽ ചേർത്തു പിടിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. പല ദുരന്തമുഖങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഭരണാധികാരി എന്ന നിലയ്ക്കു കേരളത്തിന്റെ വേദനകൾ മോദിക്ക് മനസ്സിലാകും. മുഴുവൻ മലയാളികൾക്കും വേണ്ടിയുള്ള നന്ദി പ്രധാനമന്ത്രിയെ അറിയിക്കുന്നു. സംസ്ഥാന സർക്കാർ പഴയതുപോലെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ എടുക്കാതെ നന്നായി ഗൃഹപാഠം ചെയ്തു കൃത്യമായി പഠിച്ച് കേന്ദ്രത്തെ സമീപിക്കണം.’’– കെ.സുരേന്ദ്രൻ പറഞ്ഞു.