ഇത്തിരി സന്തോഷം! മൂന്നു വയസ്സുകാരി നൈസയെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രി; ഉള്ളുനിറച്ച് ആ ചിത്രം
Mail This Article
കൽപറ്റ∙ ആശുപത്രി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചു ചിരിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം ശ്രദ്ധേയമായി. ചൂരൽമല ഉരുൾപ്പൊട്ടലിൽ പരുക്കേറ്റു മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നൈസ (3) എന്ന പെൺകുട്ടിയാണു മോദിക്കൊപ്പം ചിത്രത്തിലുള്ളത്. ദുരന്തബാധിതരെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇതിനിടെയാണു നൈസയെയും ഉമ്മ ജെസീലയേയും സന്ദർശിച്ചത്. ഇവരോട് സംസാരിക്കുന്നതിനിടെയാണ് ഈ ചിത്രം പകർത്തിയത്. ചെളിയിൽ പൂണ്ടുകിടന്ന നൈസ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
നൈസയ്ക്ക് ഇനി ഉമ്മ മാത്രമാണു ബാക്കിയായുള്ളത്. സഹോദരങ്ങളുൾപ്പെടെ 5 പേരെയാണു ദുരന്തത്തിൽ നഷ്ടമായത്. ഉരുൾപ്പൊട്ടി ചെളിയിൽ പൂണ്ടുകിടന്ന നൈസയെ രക്ഷിച്ചത് അയൽവാസിയും ബന്ധുവുമായ സ്ത്രീയാണ്. ഉരുൾപ്പൊട്ടിയ 30ന് രാവിലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ വീട്ടുകാർ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ലായിരുന്നു. കുട്ടിയെ രക്ഷിച്ച ബന്ധുവാണ് ആശുപത്രിയിൽ കൂടെ നിന്നത്.
പിന്നീടു നടത്തിയ അന്വേഷണത്തിൽ ഉമ്മ ജെസീല ഗുരുതരമായി പരുക്കേറ്റു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നു കണ്ടെത്തി. നൈസയുടെ ഉപ്പ ഷാജഹാൻ, സഹോദരിമാരായ ഹിന, സിലു, വല്യുപ്പ മുഹമ്മദാലി, വല്യുമ്മ ജമീല എന്നിവരെ ഉരുൾപ്പൊട്ടലിൽ നഷ്ടമായി. ഇപ്പോൾ നൈസയും ഉമ്മ ജെസീലയും ഒരുമിച്ചാണ് ആശുപത്രിയിൽ കഴിയുന്നത്. പ്രധാനമന്ത്രി സന്ദർശിക്കുന്നവരുടെ പട്ടികയിൽ ജെസീലയുെട പേരുമുണ്ടായിരുന്നു.