തകഴിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു; യുവതി ചികിത്സയിൽ
Mail This Article
ആലപ്പുഴ ∙ തകഴി കുന്നമ്മയിൽ കൊന്ന് കുഴിച്ചുമൂടിയതെന്നു സംശയിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. വണ്ടേപ്പുറം പാടശേഖരത്തിലെ പുറംബണ്ടിൽ കുഴിച്ചിട്ട നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവു ചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണു യുവതി പൊലീസിനു മൊഴി നൽകിയത്.
തകഴി സ്വദേശികളായ 2 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവൻ അശോക് ജോസഫ് (30) എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചാക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് ഈ മാസം 7നു പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. ഓഗസ്റ്റ് ഏഴിനു വീട്ടിൽ പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.
വയറുവേദനയെ തുടർന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംശയം തോന്നിയ ആശുപത്രി അധികൃതർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രസവിച്ചെന്നും കുട്ടിയെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചെന്നും പറഞ്ഞു. ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു. അപ്പോഴാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ കാര്യം യുവതി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ തോമസിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലുള്ളവരെ തകഴി കുന്നുമ്മയിലുള്ള സ്ഥലത്തെത്തിച്ച് തെളിവെടുത്തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് പെൺകുട്ടിയും തോമസും പ്രണയത്തിലായത്. ഒന്നര വർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു. ഗർഭിണിയാണെന്ന വിവരം ഇവർ വീട്ടുകാരെ അറിയിച്ചിരുന്നില്ല.