ഹിൻഡൻബർഗ് ആഘാതത്തിൽ അദാനി ഗ്രൂപ്പ്; കുലുക്കമില്ലാതെ ഓഹരി വിപണി മുന്നോട്ട്
Mail This Article
കോട്ടയം ∙ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ സെൻസെക്സിനെയും നിഫ്റ്റിയെയും ഉലച്ചില്ല. നഷ്ടത്തോടെയായിരുന്നു വ്യാപാരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സൂചികകൾ നേട്ടത്തിന്റെ ട്രാക്ക് പിടിക്കുകയായിരുന്നു. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സ് 238 പോയിന്റ് (+0.30%) ഉയർന്ന് 79,943ലും നിഫ്റ്റി 57 പോയിന്റ് (+0.24%) നേട്ടവുമായി 24,425ലുമാണുള്ളത്. നിഫ്റ്റി 85 പോയിന്റും സെൻസെക്സ് 228 പോയിന്റും ഇടിഞ്ഞായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഒരുവേള 400 പോയിന്റും നിഫ്റ്റി 135 പോയിന്റും താഴേക്കും പോയിരുന്നു.
∙ അദാനി ഓഹരികൾക്ക് ക്ഷീണം
ഹിൻഡൻബർഗിന്റെ ആരോപണശരങ്ങളുടെ മുഖ്യലക്ഷ്യമായ അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികൾ ഇന്നൊരുവേള 7% വരെ ഇടിഞ്ഞു. ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 55,000 കോടി രൂപയും ഒലിച്ചുപോയി. നഷ്ടം പിന്നീട് നിജപ്പെടുത്തിയെങ്കിലും ഗ്രൂപ്പിന് കീഴിലെ ഓഹരികളെല്ലാം ഇപ്പോഴും ചുവപ്പിലാണ്. 4.42% നഷ്ടവുമായി അദാനി ടോട്ടൽ ഗ്യാസാണ് നഷ്ടത്തിൽ മുന്നിൽ. അദാനി എനർജി സൊല്യൂഷൻസ് 3.59%, അദാനി വിൽമർ 3.06% എന്നിങ്ങനെയും താഴ്ന്നു. 0.01 മുതൽ 2.2% വരെയാണ് മറ്റ് അദാനിക്കമ്പനി ഓഹരികളുടെ നഷ്ടം.
∙ കരകയറി വിപണി
സെൻസെക്സിൽ നിലവിൽ 4,070 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 1,953 എണ്ണം നേട്ടത്തിലും 1,995 എണ്ണം നഷ്ടത്തിലുമാണ്. 123 ഓഹരികളുടെ വില മാറിയില്ല. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടത്തിൽ മുന്നിൽ. എൻടിപിസി, അദാനി പോർട്സ്, എസ്ബിഐ, പവർഗ്രിഡ് എന്നിവയാണ് നഷ്ടത്തിൽ മുന്നിലുള്ളത്. നിഫ്റ്റി 50ൽ 26 ഓഹരികൾ നേട്ടത്തിലും 23 എണ്ണം നഷ്ടത്തിലുമാണ്. ഒരു ഓഹരിയുടെ വില മാറിയില്ല. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹീറോ മോട്ടോകോർപ്പ്, ഇൻഫോസിസ് എന്നിവ നേട്ടത്തിലും എൻടിപിസി, ഡോ. റെഡ്ഡീസ്, അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവ നഷ്ടത്തിലുമാണ്.