പരമ്പരാഗത രീതിയിൽ ‘മയില്‍ കറി’ തയാറാക്കുന്ന വിഡിയോ; യുട്യൂബർ അറസ്റ്റിൽ
Mail This Article
ഹൈദരാബാദ് ∙ ദേശീയപക്ഷിയായ മയിലിന്റെ മാംസം പാചകം ചെയ്യുന്ന വിഡിയോ പങ്കുവച്ച യുട്യൂബർ അറസ്റ്റിൽ. തെലങ്കാനയിലെ സിർസില സ്വദേശിയായ കോടം പ്രണയ് കുമാറിനെയാണു വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ‘മയിൽ കറി’ തയാറാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണു നടപടി.
അനധികൃതമായി വന്യജീവികളെ പിടികൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നെന്ന തരത്തിൽ വിഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണു മയിൽ. അതിനെ വേട്ടയാടുന്നതും കൊല്ലുന്നതും നിരോധിച്ചിട്ടുണ്ട്. ‘പരമ്പരാഗത രീതിയിൽ മയില്‍ കറി’ തയാറാക്കുന്ന വിധം എന്ന പേരിലുള്ള വിഡിയോ വിവാദമായപ്പോൾ ഇയാൾ യുട്യൂബില്‍നിന്നു നീക്കിയിരുന്നു.
വനംവകുപ്പിനെ കൂടാതെ പൊലീസും കേസെടുത്തു. ഇയാളുടെ രക്തസാംപിളും മയിൽ കറിയും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രണയ് കുമാറിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും സമാനകുറ്റം മറ്റാരെങ്കിലും ചെയ്താൽ കേസെടുക്കുമെന്നും സിർസില എസ്‍പി അഖിൽ മഹാജൻ പറഞ്ഞു.