‘വടകരയിൽ ‘ടീച്ചറമ്മ’ എന്ന് യുഡിഎഫ് പരിഹാസത്തോടെ ഉപയോഗിച്ചു; പോരാളി ഷാജി ആരാണെന്ന് പോലും അറിയില്ല’
Mail This Article
തിരുവനന്തപുരം∙ വടകരയിൽ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു സംസ്കാരമാണ് കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് നയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വടകര തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം മുതൽ വ്യാജ വാർത്തകൾ നൽകുകയും വ്യക്തിപരമായ രീതിയിൽ സ്ഥാനാർഥിയെ കടന്നാക്രമിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. ടീച്ചറമ്മ എന്ന പേര് പരിഹാസത്തോടെ ഉപയോഗിച്ചാണ് യുഡിഎഫ് പ്രചാരണം തുടങ്ങിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘ഒറ്റപ്പെട്ട പ്രശ്നം പോലെയാണ് ചിലർ അതിനെ സമീപിക്കുന്നത്. അത് ശരിയായ നിലപാടല്ല. യഥാർഥത്തിൽ വടകര സ്ഥാനാർഥിയായി യുഡിഎഫിന്റെ ഷാഫി പറമ്പിൽ വന്നപ്പോൾ കേരളത്തിന്റെ പ്രതിസന്ധികളിൽ സഹായിച്ച ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചു കൊണ്ടാണ് പ്രചാരണം തുടങ്ങിയത്. വളരെ പരിഹാസത്തോടു കൂടിയാണ് ആ പ്രയോഗം അവർ ഉപയോഗിച്ചത്. വ്യക്തിഹത്യയുടെ രീതിയിലേക്ക് തങ്ങൾ നീങ്ങാൻ പോകുന്നു എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അതിന് പിന്നാലെ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
അതിൽ ആദ്യത്തേത് മുസ്‌ലിം സമുദായം മുഴുവൻ തീവ്രവാദികളെന്ന് ശൈലജ ടീച്ചർ പറഞ്ഞു എന്നതാണ്. ശുദ്ധ അസബന്ധമാണത്. രണ്ടാമത്തേത് പ്രവാചകൻ തെറ്റായ കാര്യം പ്രചരിപ്പിച്ചു എന്ന് ടീച്ചർ പരഞ്ഞു എന്നതാണ്. മൂന്നാമത്തെ കാര്യം ലൗ ജിഹാദുമായി ബന്ധപ്പെട്ട കാര്യത്തിൽ ആർഎസ്എസിന്റെ നിലപാടാണ് ശൈലജ ടീച്ചർക്കുള്ളത് എന്നതാണ്. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ വ്യാജ ലെറ്റർ പാഡ് വരെ നിർമിച്ചാണ് തെറ്റായ പ്രചാരണം നടത്തിയത്. പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ചിത്രം വ്യാജമായി നിർമിച്ചു. ഇത്തരത്തിൽ വ്യക്തിഹത്യ നടത്താനാണ് കോൺഗ്രസ് ശ്രമിച്ചത്.
കാഫിർ പരാമര്‍ശം നിർമിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി പരാതി നൽകിയത് എൽഡിഎഫ് കമ്മിറ്റിയാണ്. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. അല്ലാതെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയല്ല വേണ്ടത്. പാതിവെന്ത വാർത്തയുമായാണ് മാധ്യമങ്ങൾ മുന്നോട്ടു വരുന്നത്. ഇപ്പോൾ പുറത്തു വന്ന വാർത്തകൾ പോലും സിപിഎം നേരത്തേ തള്ളി പറഞ്ഞ ചില ഗ്രൂപ്പുകൾക്കെതിരാണ്. ഇത് വച്ചാണ് എൽഡിഎഫിനെതിരെ പ്രചാരണം നടത്താൻ ശ്രമിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷിച്ച് ശക്തമായ പ്രതികരണമാണ് നടത്തേണ്ടത്. അല്ലാതെ പുകമറ സൃഷ്ടിച്ച് എല്ലാം ഇടതു പക്ഷത്തേക്കാണ് എന്ന് പ്രചരിപ്പിക്കുകയല്ല വേണ്ടത്. പുറത്ത് വന്ന ഈ ഗ്രൂപ്പുകളൊന്നും പാർട്ടിയുമായി ബന്ധമുള്ളതല്ല.
പാർട്ടിക്ക് സംഭവത്തിൽ ബന്ധമില്ല എന്നാണ് പറഞ്ഞത്. പാർട്ടിക്കാരല്ല എന്നാണ് പറഞ്ഞത്. നിങ്ങൾ പാർട്ടിക്കാരാക്കിയ ഒരാളാണ് പോരാളി ഷാജി. അത് ആരാണെന്ന് പോലും എനിക്കറിയില്ല. പൊലീസ് പരിശോധന പൂർത്തിയാക്കട്ടെ. അതിന് ശേഷം എല്ലാം വ്യക്തമാകും. പാർട്ടിയുടെ ഔദ്യോഗിക തലത്തിലല്ലാതെ വരുന്ന ഇടതുപക്ഷം എന്ന് പറയുന്ന ഒരുപാട് പേരുണ്ട്. ചിലപ്പോൾ അത് നമുക്ക് അനുകൂലവും അല്ലാത്തപ്പോൾ പ്രതികൂലവുമാകും. അവരെയെല്ലാം തള്ളിപ്പറയേണ്ടതില്ല’’– എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലതിക പോസ്റ്റ് ഷെയർ ചെയ്യാൻ പാടില്ലായിരുന്നെന്ന കെ.കെ.ശൈലജയുടെ നിലപാടിനെയും പാർട്ടി സെക്രട്ടറി തള്ളി. ശൈലജ പറഞ്ഞത് അവരുടെ നിലപാടാണ്. ഞാൻ പറഞ്ഞത് പാർട്ടി നിലപാടാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് ആര് പറയുന്നതും പാർട്ടി നിലപാടല്ല. ഇത്തരമൊരു ആശയം പ്രചരിപ്പിക്കാനല്ല കെ.കെ.ലതിക ഷെയർ ചെയ്തത്. അതിലെ കാര്യം നാടിന് ആപത്ത് എന്നാണ് അവർ ഷെയർ ചെയ്തതിലൂടെ വ്യക്തമാക്കിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.