കശ്മീർ പിടിക്കും, ഗുലാം നബിയുടെ പോക്ക് തിരിച്ചടിയാകില്ല: സ്ഥാനാർഥികളെ തീരുമാനിക്കാൻ ആന്റോ ആന്റണി
Mail This Article
കോട്ടയം ∙ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരിൽ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ കോൺഗ്രസിനു പ്രതീക്ഷകളേറെയെന്ന് ആന്റോ ആന്റണി എംപി. കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ട സ്ക്രീനിങ് കമ്മിറ്റിയിൽ അംഗമാണ് പത്തനംതിട്ട എംപി കൂടിയായ അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കശ്മീരിലും ഡൽഹിയിലുമായി സ്ക്രീനിങ് കമ്മിറ്റി യോഗങ്ങൾ വൈകാതെ ആരംഭിക്കും. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് ആന്റോ ആന്റണി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
∙ കശ്മീരിലെ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് എങ്ങനെയാണ് നോക്കിക്കാണുന്നത്?
കോൺഗ്രസിനു ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് കശ്മീർ. പല പ്രത്യേക സാഹചര്യങ്ങളിലും അധികാരത്തിൽനിന്നു മാറി നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും സ്വാധീനത്തിനു കുറവു വന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളെല്ലാം വൈകാതെ തീരുമാനിക്കേണ്ടതുണ്ട്. എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നതിന്റെ ഏകദേശ ചിത്രം ഈ ദിവസങ്ങളിലുണ്ടാകും. ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിച്ചായിരിക്കും സ്ക്രീനിങ് കമ്മിറ്റിയുടെ ബാക്കി നടപടിക്രമങ്ങൾ.
∙ തീവ്രവാദി ഭീഷണികൾക്കിടയിൽ തിരഞ്ഞെടുപ്പ് സുഗമമായി നടക്കുമെന്ന പ്രതീക്ഷ കോൺഗ്രിസനുണ്ടോ ?
അടുത്ത കാലത്തായി ചെറിയ പ്രശ്നങ്ങളൊക്കെ അവിടെ ഉണ്ടാകുന്നുണ്ട്. എങ്കിലും അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും സ്ഥിരതയുള്ള ഒരു ഭരണം വേണമെന്നും ആഗ്രഹിക്കുന്നവരാണ് അവിടുത്തെ ജനങ്ങൾ .
∙ സ്ക്രീനിങ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കും ?
ഞങ്ങൾ ചർച്ചകളിലേക്ക് കടക്കുന്നേയുള്ളൂ. കശ്മീരിലെ ജനസ്വാധീനമുള്ളവരെ പരിഗണിക്കും. വിജയസാധ്യതയായിരിക്കും പ്രധാന മാനദണ്ഡം. എല്ലാ തലത്തിലുമുള്ള പഠനങ്ങൾ നടത്തി ഏറ്റവും യോഗ്യരെത്തന്നെയായിരിക്കും ശുപാർശ ചെയ്യുക. അത് ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ വിനിയോഗിക്കാൻ കഴിയുമെന്നാണ് ആത്മവിശ്വാസം.
∙ എത്ര സീറ്റ് വരെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ?
അതേപ്പറ്റിയൊന്നും പറയാറായിട്ടില്ല. അടുത്ത ഘട്ടത്തിൽ സംസാരിക്കുമ്പോൾ അതിനെപ്പറ്റി വിശദമായി പറയാം.
∙ ഗുലാംനബി ആസാദ് കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നല്ലോ. അദ്ദേഹം പാർട്ടി വിട്ടുപോയത് ഒരു തിരിച്ചടിയാകുമോ?
അതു തിരിച്ചടിയായിട്ടില്ലെന്നാണല്ലോ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. കോൺഗ്രസിൽ വ്യക്തികൾക്കു പ്രാധാന്യമില്ല. കോൺഗ്രസ് എന്നൊരു ആശയമാണ് വലുത്. സ്വാതന്ത്ര്യസമര കാലം മുതൽ ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ വേരൂന്നിയതാണ് കോൺഗ്രസ് എന്ന ആശയം. വ്യക്തികൾ വരുന്നതും പോകുന്നതുമൊന്നും കോൺഗ്രസിനെ ബാധിക്കില്ല.
∙ ഗുലാംനബി ആസാദിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടോ?
നിലവിൽ അങ്ങനെയുള്ള ചർച്ചകളൊന്നും നടക്കുന്നില്ല.
∙ സ്ക്രീനിങ് കമ്മിറ്റി അംഗമെന്ന നിലയിൽ തയാറെടുപ്പുകളുണ്ടായിരുന്നോ?
കശ്മീരിലെ രാഷ്ട്രീയത്തെപ്പറ്റിയും ഭൂമിശാസ്ത്രത്തെപ്പറ്റിയുമൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളുടെ ചരിത്രം, നമുക്കുണ്ടായ തിരിച്ചടികൾ, നേട്ടങ്ങൾ എന്നിവയെല്ലാം ആഴത്തിൽ പഠിക്കുകയാണ്. എന്നാൽ മാത്രമേ ഈ പ്രക്രിയയിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.