സെബി മേധാവി മാധബിക്ക് വീണ്ടും കുരുക്ക്; ചട്ടവിരുദ്ധമായി വരുമാനം നേടിയെന്ന് റിപ്പോർട്ട്
Mail This Article
മുംബൈ∙ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെചെയർപഴ്സൻ മാധബി പുരി ബുചിനെതിരെ വീണ്ടും ആരോപണം. സെബിയിൽ അംഗവും പിന്നീട് മേധാവിയുമായിരിക്കേ തന്നെ മാധബി ചട്ടവിരുധമായി മറ്റൊരു കമ്പനിയിൽനിന്നു വരുമാനം നേടിയെന്ന് റജിസ്ട്രാർ ഓഫ് കമ്പനിസിൽനിന്നുള്ള രേഖകൾ അധിഷ്ഠിതമാക്കി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അദാനി ഗ്രൂപ്പിലേക്കു വിദേശത്തുനിന്നു പണമൊഴുക്കിയ മൗറീഷ്യസിലെയും ബർമുഡയിലെയും കടലാസ് കമ്പനികളിൽ മാധബിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നും അദാനിക്കെതിരെ കാര്യക്ഷമമായി അന്വേഷിക്കാൻ സെബി മടിക്കുന്നതിനു പിന്നിലെ കാരണമിതാണെന്നുമാണു കഴിഞ്ഞയാഴ്ച യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് ആരോപിച്ചത്. ആരോപണങ്ങൾ മാധബിയും ഭർത്താവും സെബിയും നിഷേധിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികളിൽനിന്ന് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വിഷയത്തിൽ സംയുക്ത പാർലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സമരത്തിനുള്ള തയാറെടുപ്പിലുമാണ്. ഇതിനിടെയാണു മാധബിക്കുമേൽ കുരുക്കുമുറുക്കി പുതിയ ആരോപണം. കഴിഞ്ഞ ഏഴു വർഷമായി സെബിയിൽ അംഗമായിരിക്കേ തന്നെ, സ്വന്തം കൺസൾട്ടൻസി സ്ഥാപനത്തിൽനിന്ന് മാധബി വരുമാനം നേടിയെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
2017ലാണ് മാധബി സെബി അംഗമാകുന്നത്. 2022 മാർച്ചിൽ ചെയർപഴ്സനായി നിയമിതയായി. ഇക്കഴിഞ്ഞ ഏഴു വർഷക്കാലവും തനിക്ക് 99% ഓഹരി പങ്കാളിത്തമുള്ള അഗോറ അഡ്വൈസറി എന്ന കൺസൾട്ടൻസി സ്ഥാപനത്തിൽനിന്ന് 3.71 കോടി രൂപയുടെ വരുമാനം മാധബി നേടിയെന്ന് റിപ്പോർട്ട് പറയുന്നു. സെബി അംഗമായാൽ മറ്റു കമ്പനികളിൽനിന്നു ലാഭമോ ശമ്പളമോ ഫീസുകളോ വാങ്ങരുതെന്ന സെബിയുടെ 2008ലെ ചട്ടമാണ് മാധബി ലംഘിച്ചത്.
സെബി അംഗങ്ങൾക്ക് മറ്റ് ബിസിനസ് താൽപര്യങ്ങൾ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനവുമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ആരോപണം ഗുരുതരമാണെന്നും സെബി മേധാവിയായി തുടരാൻ മാധബിക്ക് ഇനി അർഹതയില്ലെന്നുമുള്ള വാദവുമായി മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗും രംഗത്തെത്തിയിട്ടുണ്ട്.