‘അവധിയിൽ പോയതാണ്’: സോണൽ മാനേജർക്കെതിരെ സ്വർണവുമായി ‘മുങ്ങിയ’ ബാങ്ക് മാനേജർ– വിഡിയോ
Mail This Article
കോഴിക്കോട്∙ ഒളിവിൽ പോയിട്ടില്ലെന്നും അവധിയിൽ പ്രവേശിച്ചതാണെന്നുമറിയിച്ച് അറിയിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലെ പണയസ്വർണ തട്ടിപ്പ് കേസ് പ്രതിയും ബാങ്ക് മുൻ മാനേജറുമായ മധ ജയകുമാർ. വിഡിയോ സന്ദേശത്തിലൂടെയാണ് താൻ അവധിയിലാണെന്ന് മധ ജയകുമാർ അറിയിച്ചത്. അവധിയെടുക്കുന്ന വിവരം ഇമെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നെന്നും മധ ജയകുമാർ വിഡിയോ സന്ദേശത്തിൽ പറയുന്നു. 17 കോടിയിലേറെ വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയെന്ന കേസിലെ പ്രതിയാണ് ഇയാൾ.
മധയുടെ വിഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: ‘‘ചാത്തൻകണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിനു വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയത്. ബാങ്കിന്റെ സോണൽ മാനേജർ അരുണിന്റെ നിർദേശ പ്രകാരമായിരുന്നു ഇത്. ഒരു വർഷം മുൻപ് അരുണാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞുവിട്ടത്. മറ്റു ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദേശം നൽകിയിരുന്നു. 8% പലിശയ്ക്ക് കാർഷിക വായ്പയായാണ് പണയം വച്ചത്. മലപ്പുറം ബ്രാഞ്ചിൽ 25 ലക്ഷം രൂപയ്ക്കായിരുന്നു ആദ്യം പണയം വച്ചത്.
ഇത് കൂടാതെ മഞ്ചേരി, വടകര, കോഴിക്കോട്, താമരശ്ശേരി, സുൽത്താൻബത്തേരി എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലും ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പിന്റെ സ്വർണപ്പണയ വായ്പയുണ്ട്. ഒരാളുടെ പേരിൽ ഒരുകോടി രൂപവരെ പണയം നൽകിയിട്ടുണ്ട്. നിയമപ്രകാരം ഇവർക്ക് കാർഷിക വായ്പ നൽകാനാവില്ല. ഇപ്പോഴുള്ള ബാങ്കിന്റെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പുമായി ബന്ധമുണ്ട്.’’–മധ ജയകുമാർ വിഡിയോയിൽ ആരോപിച്ചു.
വടകര എടോടിയിലെ ശാഖയിലെ മുൻ മാനേജറായ മധ. 26,244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടംവച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2021ലാണ് മധ ജയകുമാർ വടോടിയിൽ ചാർജെടുത്തത്. ജൂലൈയിൽ പാലാരിവട്ടത്തേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും അവിടെ ഇയാൾ ചാർജെടുത്തിരുന്നില്ല. വടകര ശാഖയിലെ റീ അപ്രൈസൽ നടപടിയിലാണ് ക്രമക്കേട് വെളിച്ചത്തുവന്നത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലായി തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. നിലവിലെ മാനേജർ ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്.