ADVERTISEMENT

തിരുവനന്തപുരം∙ നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സ കാതറിന്‍ ജോർജാണ് കുറ്റപത്രം മടക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലി സമര്‍പ്പിച്ച കുറ്റപത്രത്തില്‍, പ്രാരംഭ ഘട്ടത്തില്‍ കേസ് അന്വേഷിച്ച പേട്ട പൊലീസ് തയാറാക്കിയ സീന്‍ മഹസര്‍ അടക്കമുളള കാര്യങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് കുറ്റപത്രം കോടതി മടക്കിയത്. ഏറെ വിവാദം സൃഷ്ടിച്ച കേസിലാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയുണ്ടായത്. 

2020ല്‍ ഗംഗേശാനന്ദ ഡിജിപിക്ക് നല്‍കിയ പരാതിയില്‍, തന്നെ കേസില്‍ കുടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ശ്രമിക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ പൂജയ്ക്ക് എത്തുന്ന ഗംഗേശാനന്ദ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്കവയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് 2017 മേയ് 19 ന് പുലര്‍ച്ചെയാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ടത്. ഇതിനുശേഷം വീടിന് പുറത്തേക്കോടിയ പെണ്‍കുട്ടിയെ ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തിരുന്നു. ഇതേ മൊഴി പെണ്‍കുട്ടി മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിരുന്നില്ലെന്ന് മൊഴിമാറ്റി. താൻ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്നും ഗംഗേശാനന്ദയും മൊഴി മാറ്റി.  എന്നാൽ ഇതിനിടെ വീണ്ടും നിലപാട് മാറ്റിയ ഗംഗേശാനന്ദ ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ചേർന്ന് ആക്രമിച്ച ശേഷം ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്.

English Summary:

Court Rejects Charge Sheet Against Swami Gangesananda in Law Student Molestation Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com