യുദ്ധപ്പേടിയും പലിശയും: സ്വർണ വില കുതിക്കുന്നു; വിവാഹ പാർട്ടികൾക്ക് വൻ തിരിച്ചടി
Mail This Article
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിലെ വൻ വർധനയ്ക്ക് വഴിവച്ചത് ഭൗമരാഷ്ട്രീയ സംഘർഷങ്ങളും യുഎസിലെ പണപ്പെരുപ്പത്തിലുണ്ടായ ഇടിവും. റഷ്യയും യുക്രെയ്നും തമ്മിലെ പോര് കൂടുതൽ കലുഷിതമാവുകയാണ്. മധ്യപൂർവദേശത്ത് ഇറാന്റെ പിന്തുണയോടെ ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഹമാസും.
യുദ്ധം പോലുള്ള പ്രതിസന്ധികൾ രാജ്യാന്തര തലത്തിൽ വാണിജ്യ, വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാകും. ഇത് ഓഹരി, കടപ്പത്ര വിപണികളെ തളർത്തും. ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപത്താവളം’ എന്ന പെരുമയുള്ള സ്വർണത്തിന് പക്ഷേ, ഇത് നേട്ടമാണ്. നിക്ഷേപകർ ഓഹരിയെയും കടപ്പത്രങ്ങളെയും കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുക്കും. അതോടെ വിലയും വർധിക്കും. മറ്റൊന്ന്, ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ യുഎസ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ്. യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം ജൂലൈയിൽ, 2021നു ശേഷം ആദ്യമായി മൂന്നു ശതമാനത്തിന് താഴെ എത്തിയിരുന്നു. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്ത്, കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് സെപ്റ്റംബറിൽ കുറച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. സർവേകളിൽ 80% പേരും അടുത്തമാസം പലിശ കുറയുമെന്ന് തന്നെ വിശ്വസിക്കുന്നു.
പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുറയും. ബോണ്ട് യീൽഡ് കുറയുന്നത് നിക്ഷേപകർക്ക് തിരിച്ചടിയാണ്. അവർ ബോണ്ടുകൾ വിറ്റൊഴിച്ച് പണം സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപത്തിലേക്കു മാറ്റും. പലിശ താഴുന്നത് ഡോളറിനെയും ദുർബലമാക്കും. ഇതും സ്വർണത്തിന് അനുകൂലമാണ്. പലിശ കുറയാനുള്ള സാധ്യത ശക്തമായതോടെ, ഇപ്പോൾത്തന്നെ ബോണ്ട് യീൽഡും ഡോളറും ദുർബലമായിക്കഴിഞ്ഞു.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 102.40 ലേക്ക് താഴ്ന്നു. മുൻമാസങ്ങളിൽ ഇത് 105 നു മുകളിലായിരുന്നു. യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീൽഡ് 3.885 ശതമാനത്തിലേക്കും കൂപ്പുകുത്തി. കഴിഞ്ഞ മാസങ്ങളിൽ ഇത് 4.5 ശതമാനത്തിനു മുകളിലായിരുന്നു.
കേരളത്തിലെ വിലയെ ബാധിക്കുന്നത് എങ്ങനെ?
രാജ്യാന്തര സ്വർണവില, ഡോളറിനെതിരായ രൂപയുടെ മൂല്യം, ബോംബെ വിപണിയിലെ വില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ 24 കാരറ്റ് സ്വർണത്തിന് ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), വ്യാപാരികളുടെ ലാഭ മാർജിൻ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം. ഓരോ ദിവസവും രാവിലെ വില നിർണയിക്കുന്നത് വ്യാപാരികളുടെ അസോസിയേഷനുകളാണ്. രാജ്യാന്തര വില റെക്കോർഡ് തകർത്ത് എക്കാലത്തെയും ഉയരത്തിലെത്തിയതാണ് കേരളത്തിലും ഇന്ന് വിലക്കുതിപ്പു സൃഷ്ടിച്ചത്.
ഔൺസിന് ഒറ്റയടിക്ക് 50 ഡോളറിലേറെ മുന്നേറി രാജ്യാന്തര വില 2,527 ഡോളർ എന്ന പുതിയ ഉയരത്തിലെത്തിയിരുന്നു. പിന്നീട് വില അൽപം താഴ്ന്ന് 2,508 ഡോളറിലായി. രാജ്യാന്തര വിപണിയിൽ ഇനി വ്യാപാരം തിങ്കളാഴ്ചയാണ്. ഉയർന്ന വില മുതലെടുത്ത് അന്ന് ലാഭമെടുപ്പിനു സാധ്യത ഏറെയാണെന്നും ഇത് വില കുറയാനിടയാക്കിയേക്കാമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു. യുഎസിൽ പലിശനിരക്ക് അടുത്തമാസം കുറയുമെന്ന് കരുതുന്നില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമേ പണ/പലിശ നയങ്ങളിൽ മാറ്റം പ്രതീക്ഷിക്കുന്നുള്ളൂ. മിഡിൽ ഈസ്റ്റിൽ ഒരു വലിയ യുദ്ധത്തിന് സാധ്യത കാണുന്നുമില്ല. സ്വർണ വില വരുംദിവസങ്ങളിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആഭരണ പ്രിയർക്ക് തിരിച്ചടി
ചിങ്ങമാസവും ഓണവും ഷോപ്പിങ്ങിന്റെയും വിവാഹങ്ങളുടെയും സീസണാണ്. എകെജിഎസ്എംഎയുടെ വില നിർണയപ്രകാരം സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 6,670 രൂപയായി; പവന് 53,360 രൂപയും. മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 56,855 രൂപ കൊടുത്താൽ ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാമായിരുന്നു. ഇന്ന് 57,765 രൂപ നൽകണം. ഇന്നലത്തേതിനേക്കാൾ 910 രൂപ അധികം. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ഇത് തിരിച്ചടിയാണ്. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.