രാജ്യസഭാ തിരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് മത്സരിക്കും
Mail This Article
ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്നു വിജയിച്ച സുരേഷ് ഗോപിയെ കൂടാതെ ജോർജ് കുര്യനും കേരളത്തിൽനിന്നു കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്നേയാണ് ജോർജ് കുര്യനെ മന്ത്രിസഭാംഗം ആകാൻ പ്രധാനമന്ത്രി ക്ഷണിച്ചത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 9 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയായ രവനീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നാകും മത്സരിക്കുക. കോൺഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി.വേണുഗോപാൽ ഒഴിഞ്ഞ രാജ്യസഭാ സീറ്റിലാണ് രാജസ്ഥാനിലെ മത്സരം.
മധ്യപ്രദേശ്, രാജസ്ഥാൻ, അസം, ബിഹാർ, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അസമിൽ രണ്ട് സീറ്റുകളിൽ ഒഴിവുണ്ട്.