17.20 കോടിയുടെ 26.24 കിലോ സ്വർണം തട്ടി: മുൻ ബാങ്ക് മാനേജർ പൊലീസ് കസ്റ്റഡിയിൽ
Mail This Article
കോഴിക്കോട് ∙ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായ മുൻ മാനേജർ മധ ജയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
കോടികളുടെ സ്വര്‍ണത്തട്ടിപ്പു നടന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിനു സാധ്യതയെന്നാണ് വിവരം. മൂന്നു കോടി രൂപയ്ക്കു മുകളിലുള്ള ബാങ്ക് തട്ടിപ്പുകള്‍ സിബിഐക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഏഴരക്കോടിയിലധികം തുകയ്ക്കുള്ള തട്ടിപ്പാണെങ്കില്‍ സിബിഐയുടെ പ്രത്യേക ഇക്കണോമിക് ഒഫന്‍സ് വിങ് സെല്ലാണ് അന്വേഷിക്കേണ്ടത്.
17.20 കോടി രൂപയോളം വരുന്ന 26.24 കിലോഗ്രാം സ്വര്‍ണമാണ് മുന്‍ മാനേജര്‍ മധ ജയകുമാര്‍ തട്ടിയെടുത്തത്. പണയം വച്ച ആഭരണങ്ങള്‍ മാറ്റിയശേഷം പകരം വ്യാജ സ്വർണം വയ്ക്കുകയായിരുന്നു. വ്യാജ സ്വർണം ഇന്നലെ ബാങ്കിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥരിൽ നിന്നടക്കം പൊലീസ് വിവരങ്ങൾ തേടി. ബാങ്കിലെ മറ്റു ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നു.
സ്വർണം നഷ്ടപ്പെട്ടതു സംബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം എസ്പിക്ക് പരാതി നൽകി. സ്വർണ പണയത്തിൽ 40 കോടിയോളം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനം വായ്പയെടുത്തിട്ടുണ്ട്. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയായ മധ ജയകുമാറിനെ തെലങ്കാനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര ആര്‍ബിഐക്കും സിബിഎക്കും ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.