മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്
Mail This Article
തിരുവനന്തപുരം∙ മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനു ബോംബ് ഭീഷണി. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. മുംബൈയിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഐസൊലേഷൻ വേയിലേക്ക് മാറ്റിയ വിമാനത്തിൽ സുരക്ഷാവിഭാഗം പരിശോധന നടത്തി. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 135 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്ക് കൺട്രോളിനെ അറിയിച്ചത്. ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു. ഇതിനായി കൂടുതൽ സുരക്ഷ വിമാനത്താവളത്തിൽ ഒരുക്കി. ബോംബ് ഭീഷണി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.