‘ഫോട്ടോ എടുത്തപ്പോൾ കുട്ടിക്ക് ദേഷ്യം, വേറെ കംപാർട്ട്മെന്റിൽ ബന്ധുക്കളുണ്ടെന്ന് കരുതി; വളരെ സന്തോഷം’
Mail This Article
തിരുവനന്തപുരം∙ ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ അപകടങ്ങൾ എന്തെങ്കിലും ഉണ്ടോയോ എന്നറിയാൻ ഓൺലൈൻ വാർത്ത നോക്കുമ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് പതിമൂന്നുകാരിയെ കാണാതായ സംഭവത്തിൽ നിർണായകമായ ചിത്രം പകർത്തിയ ബബിത. ‘‘രാത്രി നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ആ സമയത്ത് ഉണർന്നു. മഴയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നറിയാൻ വാർത്ത നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന കാര്യം അറിയുന്നത്. പുലർച്ചെ 3 മണിയോടെ ആയിരുന്നു ഇത്. ഉടൻ കുട്ടിയെ ട്രെയിനില്‍ വച്ച് കണ്ട വിവരം പൊലീസിനെ അറിയിച്ചു.
കുട്ടിയുടെ ഫോട്ടോ എടുക്കണമെന്ന് വെറുതെ തോന്നിയതാണ്. കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചില്ല. ഫോട്ടോ എടുത്തപ്പോൾത്തന്നെ ദേഷ്യം കാണിച്ചു. ഭാഷയും പരിചിതമായിരുന്നില്ല. വേറെ കംപാർട്ട്മെന്റിൽ ബന്ധുക്കളുണ്ടെന്നും അവരോട് പിണങ്ങി മാറിയിരിക്കുകയാണ് കുട്ടി എന്നുമാണ് കരുതിയത്. കയ്യിൽ 40 രൂപ ചുരുട്ടിപ്പിടിച്ചിരുന്നു. വാർത്ത അറിഞ്ഞതു മുതൽ കുട്ടിയെ കിട്ടണമേ എന്ന പ്രാർഥനയിലായിരുന്നു. കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞപ്പോൾ വളരെ സന്തോഷം.’’– ബബിത പറഞ്ഞു. ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ വരാൻ തയാറായില്ലല്ലോ എന്ന ചോദ്യത്തിന് എന്നെ കാണുന്നതിലല്ലല്ലോ കുട്ടിയെ കണ്ടെത്തുന്നതല്ലേ പ്രധാനം എന്നായിരുന്നു ബബിതയുടെ മറുപടി.
തിരുവനന്തപുരത്ത് മെഡിക്കൽ കോഡിങ് വിദ്യാർഥിയാണ് ബബിത. ചൊവ്വാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോകാൻ കൂട്ടുകാരുമൊത്ത് ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തപ്പോഴാണ് ബബിത ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ശ്രദ്ധിച്ചതും ഫോട്ടോ എടുത്തതും.
അതേസമയം, വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിയുടെ മാതാപിതാക്കൾ പറഞ്ഞു. കുട്ടി നന്നായിരിക്കുന്നെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കൾ.