ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി; മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം: കൃഷ്ണദാസ്
Mail This Article
കോഴിക്കോട് ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പോക്സോ പ്രകാരം സ്വമേധയാ കേസെടുക്കാമെന്നിരിക്കെ, റിപ്പോർട്ട് പൂഴ്ത്തിവച്ചതിന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉൾപ്പെടെ ക്രിമിനൽ കുറ്റങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ച സാഹചര്യത്തിൽ സ്വമേധയാ കേസെടുക്കേണ്ടതാണ്.
18 വയസ്സിൽ താഴെ പ്രായമുള്ളവർക്കു പീഡനം ഏറ്റെങ്കിൽ പരാതിക്കാരില്ലെങ്കിലും പോക്‌സോ പ്രകാരം കേസെടുക്കാം. ആഭ്യന്തര വകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടായിട്ടും കേസെടുക്കാതിരിക്കുന്നതു ഗുരുതര വീഴ്ചയാണ്. പോക്‌സോ കേസുകളെ സംബന്ധിച്ച് അറിവുണ്ടായിട്ടും മറച്ചുവയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാമെന്നാണു നിയമമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസം ആരംഭത്തിൽ തന്നെ പാളിപ്പോവാൻ കാരണം സംസ്ഥാന സർക്കാർ അലംഭാവവും ആസൂത്രണമില്ലായ്മയും കാണിച്ചതാണെന്നും കൃഷ്ണദാസ് ആരോപിച്ചു. നിരവധി ദുരിതബാധിതർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി പുനരധിവാസം ഉറപ്പുവരുത്താൻ നിയോഗിക്കപ്പെട്ട മന്ത്രിതല ഉപസമിതി പിൻമാറി. കോഴിക്കോട് വിലങ്ങാട്ടെ പുനരധിവാസത്തിനും ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.