‘സ്വമേധയാ കേസെടുക്കാൻ കഴിയില്ല; മൊഴികൾ നൽകിയവർ പരാതി നൽകാൻ മുന്നോട്ടു വരണം’
Mail This Article
കോഴിക്കോട് ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ചു യുക്തമായ നിലപാടു സ്വീകരിക്കുമെന്നു സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വനിത കമ്മിഷനെ ഹൈക്കോടതി കക്ഷി ചേർത്തതിനോടു പ്രതികരിക്കുകയായിരുന്നു അവർ.
പൊതുതാൽപര്യ ഹർജിയിൽ വനിതാ കമ്മിഷനെ ഹൈക്കോടതി കക്ഷി ചേർത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതു സംബന്ധിച്ച നോട്ടിസ് ലഭിച്ചിട്ടില്ല. ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാൻ കഴിയുമോ അത് ചെയ്യും. വിഷയത്തിൽ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർക്കാൻ ആവശ്യപ്പെട്ടു വനിതാ കമ്മിഷനാണു ഹൈക്കോടതിയെ സമീപിച്ചത്.
സിനിമ ഉൾപ്പെടെ എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലി ചെയ്യാൻ സാഹചര്യമൊരുക്കുന്നതിനെ കമ്മിഷൻ പൂർണമായും പിന്തുണയ്ക്കും. സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിനു പരിഹാരം വേണം. നിലവിലെ നിയമവ്യവസ്ഥയിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. മൊഴികൾ നൽകിയവർ പരാതി നൽകാൻ മുന്നോട്ടു വരണം. ഏതു തൊഴിൽ മേഖലയിലും ഇതുപോലെ സ്ത്രീകൾ ധൈര്യത്തോടെ പരാതിപ്പെടാൻ മുന്നോട്ടു വരണമെന്നാണു നിലപാടെന്നും സതീദേവി പറഞ്ഞു.