ഇറക്കുമതിച്ചുങ്കം വെട്ടി, സ്വർണക്കടത്തുകാർക്ക് ഷോക്ക്; നഷ്ടം കിലോയ്ക്ക് 6 ലക്ഷം രൂപ
Mail This Article
കേന്ദ്രസർക്കാർ ഇത്തവണത്തെ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ൽ നിന്ന് 6 ശതമാനമായി കുറച്ചത് സ്വർണക്കള്ളക്കടത്തുകാർക്കുള്ള കനത്ത തിരിച്ചടിയായി. വൻ ലാഭം മോഹിച്ച് വിദേശത്തുനിന്ന് വിമാനത്താവളങ്ങളിലൂടെയും കടൽ മാർഗവും നികുതിവെട്ടിച്ച് ഇന്ത്യയിലേക്കു സ്വർണം കടത്തിയിരുന്നവർക്ക്, ബജറ്റിന് മുൻപ് കിലോയ്ക്ക് കിട്ടിയിരുന്ന ലാഭം 9.8 ലക്ഷം രൂപയായിരുന്നത് ഇപ്പോൾ മൂന്നര ലക്ഷം രൂപയ്ക്കടുത്തായി. ഏതാണ്ട് 6 ലക്ഷം രൂപയുടെ കുറവ്.
പ്രധാനമായും ദുബായിൽ നിന്നായിരുന്നു ഇന്ത്യയിലേക്ക് നികുതിവെട്ടിച്ച് സ്വർണം കടത്തിയിരുന്നത്. ഇറക്കുമതിത്തീരുവ കുറഞ്ഞതിനു പിന്നാലെ ദുബായിലെ സ്വർണ വിൽപന ശരാശരി 20% ഇടിഞ്ഞു. അതേസമയം, കേരളത്തിലെ വിൽപന ബജറ്റിനു ശേഷം 15-20% കൂടിയിട്ടുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.
കേരളവും 'കള്ള സ്വർണവും'
ഇന്ത്യയിലേക്കുള്ള സ്വർണ കള്ളക്കടത്തിന്റെ 15-20 ശതമാനവും കേരളത്തിലേക്കാണെന്ന് സംസ്ഥാന സർക്കാരിന്റെ തന്നെ കണക്കുകൾ നേരത്തേ വ്യക്തമാക്കിയിരുന്നു. 2017-18 മുതൽ ഓരോ വർഷവും ശരാശരി 1,000 കിലോ സ്വർണം കേരളത്തിലേക്ക് കള്ളക്കടത്തായി വരുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. 2022-23 ൽ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നു മാത്രം 445 കിലോ സ്വർണമാണ് അധികൃതർ പിടികൂടിയത്.
2021-22ൽ ഏകദേശം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് സംസ്ഥാനത്തെ സ്വർണാഭരണ വിപണി നേടിയത്. തുടർന്നുള്ള കൃത്യമായ കണക്ക് സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വില വർധനയും വിൽപനയിലെ ശരാശരി 15% വാർഷിക വളർച്ചയും പരിഗണിച്ചാൽ വിറ്റുവരവ് നിലവിൽ ഒന്നരലക്ഷം കോടി രൂപയ്ക്കടുത്തായിട്ടുണ്ട്. ഇതിന്റെ ഇരട്ടിയോളം കച്ചവടം കേരളത്തിൽ നികുതിവെട്ടിച്ച് സമാന്തര വിപണിയിൽ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് നിയമാനുസൃതം കച്ചവടം ചെയ്യുന്ന വ്യാപാരികൾ ആരോപിക്കുന്നത്.
നേരത്തേ കിലോയ്ക്ക് 10 ലക്ഷം രൂപയ്ക്കടുത്ത് ലാഭം കിട്ടിയിരുന്നതിനാൽ സംഘടിത, അസംഘടിത വിഭാഗങ്ങൾ കള്ളക്കടത്തിൽ സജീവമായിരുന്നു. ലാഭം ഇടിഞ്ഞതോടെ, കള്ളക്കടത്ത് അനാകർഷകമായതിനാൽ അസംഘടിത വിഭാഗങ്ങൾ ഇപ്പോൾ നിർജീവമാണെന്നാണ് വിലയിരുത്തൽ. യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നടക്കം സന്ദർശകരുടെ എണ്ണത്തിലുണ്ടായ ഇടിവ് ഇതിന് ഉദാഹരണമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
‘ജനങ്ങളുടെ സ്വർണം’ വിപണിയിലെത്തിക്കണം
ഇന്ത്യയിലെ വീടുകളിൽ മാത്രം ഏകദേശം 25,000 ടൺ സ്വർണം വേറുതേ ഇരിപ്പുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഈ സ്വർണം വിപണിയിലേക്ക് തിരിച്ചെത്തിച്ച് പുനരുപയോഗത്തിന് ലഭ്യമാക്കിയാൽ സ്വർണ ഇറക്കുമതിയും കള്ളക്കടത്തും ഒരു പരിധിവരെ തടയാമെന്ന് എസ്. അബ്ദുൽ നാസർ പറഞ്ഞു.
കേന്ദ്രസർക്കാർ സ്വർണം പണമാക്കൽ പദ്ധതി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ ശ്രദ്ധ ഉപയോക്താക്കളിൽനിന്നു കിട്ടിയിട്ടില്ല. 2015ൽ തുടങ്ങിയ പദ്ധതിക്ക് 2023 വരെ ആയപ്പോഴേക്കും സമാഹരിക്കാനായത് 30 ടണ്ണിൽ താഴെ മാത്രം സ്വർണമാണ്. ഉപയോക്താക്കളുടെ കൈവശമുള്ള സ്വർണം ബാങ്കിൽ നിക്ഷേപിച്ച് പലിശ വരുമാനം നേടാവുന്ന പദ്ധതിയാണിത്. ഒരു വർഷം മുതൽ 15 വർഷം വരെ കാലാവധിയിൽ നിക്ഷേപിക്കാം. നിക്ഷേപിച്ച സ്വർണത്തിന്റെ അളവിന് അനുസരിച്ച് പലിശ ലഭിക്കും. പലിശ വരുമാനത്തിന് നികുതിയും ഈടാക്കില്ല. എന്നാൽ, 2.5% വരെ മാത്രമാണ് പലിശയെന്നതാണ് പദ്ധതിയെ അനാകർഷകമാക്കിയത്.