ADVERTISEMENT

കൊച്ചി∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകൾക്കു സർക്കാർ നൽകിയ ദുരിതാശ്വാസ തുകയിൽനിന്ന് ബാങ്കുകൾ വായ്പാ തിരിച്ചടവ് ഈടാക്കിയെന്ന വാർത്ത അലോസരപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും അനുകമ്പയും സഹാനുഭൂതിയും നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നു സർക്കാർ കണ്ടെത്തണമെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. ‘‘ആദ്യത്തെ അഞ്ചു ദിവസം എല്ലാവരും കൂടെക്കരയും. അതുകഴിഞ്ഞ് ഇതുപോലുള്ളവ ചെയ്യാൻ തുടങ്ങും’’, ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എസ്.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. വയനാട് ദുരന്തം സംബന്ധിച്ചും കഴിഞ്ഞ വർഷങ്ങളിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ചുമുള്ള റിപ്പോർട്ട് സർക്കാര്‍ ഇന്ന് കോടതിയിൽ സമർപ്പിച്ചു. 

ഇത്തരം ദുരന്ത സമയങ്ങളിൽ സമാന നടപടികളുണ്ടാകരുതെന്നു സർക്കാരിനു നിയന്ത്രണമുള്ള സംസ്ഥാനതല ബാങ്കുകൾക്ക് നിർദേശം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണം. ഭരണഘടന അനുശാസിക്കുന്ന മൗലികമായ കടമ ബാങ്കുകൾക്കുണ്ടെന്നും കോടതി ഓർമിപ്പിച്ചു. വേണ്ട നിർദേശങ്ങൾ ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്നു സർക്കാർ കോടതിയെ അറിയിച്ചു. അടുത്തിടെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് ദുരന്തം ബാധിച്ച എല്ലാവരുടെയും വായ്പകൾ എഴുതി തള്ളാൻ നിർദേശം നൽകിയിരുന്നു. ഇതു തത്വത്തിൽ അംഗീകരിച്ചു. അന്തിമ തീരുമാനമെടുക്കേണ്ടതു ബന്ധപ്പെട്ട ബാങ്കുകളുടെ ബോർഡുകളാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. 

സർക്കാർ ദുരിതബാധിതർക്കായി ഇതുവരെ നടപ്പാക്കിയ കാര്യങ്ങള്‍ കോടതിയെ അറിയിച്ചു. അടിയന്തര സഹായം ദുരന്തബാധിതരുടെ കൈയിൽ എത്തിയോ എന്നതു പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ദുരന്ത നിവാരണത്തിനായി എന്തൊക്കെ പദ്ധതികളാണു തയാറാക്കിയിട്ടുള്ളതു തുടങ്ങിയ കാര്യങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനുള്ളവർക്ക് ഇക്കാര്യങ്ങൾ അമിക്കസ് ക്യൂറിയെ അറിയിക്കാമെന്നും ഒട്ടേറെ ഹർജികൾ കേസ് നടപടികളെ സങ്കീർണമാക്കും എന്നതിനാലാണ് ഇതെന്നും കോടതി വ്യക്തമാക്കി.

English Summary:

High Court Slams Banks for Siphoning Disaster Relief Funds from Wayanad Landslide Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com