ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെയും പൊലീസിനെയും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചായിരുന്നു എം.വി.ഗോവിന്ദന്റെ വാക്കുകള്‍. കേസെടുക്കാന്‍ സര്‍ക്കാരിനു പരിമിതി ഉണ്ടെന്നും കോടതി നിര്‍ദേശപ്രകാരം മുന്നോട്ടുപോകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ആരെങ്കിലും ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നും അതു നിയമപരമായി അറിയിക്കേണ്ടതാണെങ്കില്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ സുരക്ഷ ഉറപ്പാക്കി സത്യവാങ്മൂലമാകും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. 

സിനിമാ മേഖലയുടെ നവീകരണമാണു സര്‍ക്കാരിന്റെ ലക്ഷ്യം. അതു മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണു സര്‍ക്കാര്‍ നടത്തുന്നത്. പുരുഷാധിപത്യം അവസാനിപ്പിച്ചു സ്ത്രീകള്‍ക്കു തുല്യതയും പരിരക്ഷയും നല്‍കുന്ന നിലപാടു തുടരും. ഹൈക്കോടതി വിധി സര്‍ക്കാരിനെതിരായ വലിയ വിജയമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. കോടതി ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കും. തെറ്റ് ചെയ്തവര്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നാണു മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗമാണ് ഇപ്പോഴും തുടരുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനെയെല്ലാം പ്രതിരോധിക്കാന്‍ കഴിയണം. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ സംബന്ധിച്ച് തനിക്ക് ധാരണയില്ലെന്നും ഉണ്ടെങ്കില്‍ അതു പൊളിക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിസഭയിലെ ഒരു മന്ത്രിയെക്കുറിച്ചും പരാതി ഉയര്‍ന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സിനിമാ കോണ്‍ക്ലേവും ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

‘‘ലൈംഗികചൂഷണം സംബന്ധിച്ചു വ്യക്തിപരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലില്ല. ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂ. കേസെടുക്കുന്നതില്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ഇനി കോടതി പറയുന്നത് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. പരാതി ഇല്ലാതെ കേസെടുത്താല്‍ നിലനില്‍ക്കില്ല. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അതു കണ്ടതല്ലേ. വനിതാ കമ്മിഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിവരാവകാശ കമ്മിഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും സ്വകാര്യത ലംഘിക്കപ്പെടരുതെന്ന ജസ്റ്റിസ് ഹേമയുടെ കത്തു സഹിതമാണു റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നു മറുപടി നല്‍കിയത്. അതുകൊണ്ടാണു പൊലീസിനു കേസെടുക്കാന്‍ കഴിയാതിരുന്നത്. ജുഡീഷ്യല്‍ കമ്മിഷന്‍ അല്ലാത്തതിനാലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാതിരുന്നത്. 

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നു ജസ്റ്റില്‍ ഹേമ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. അതു പരിഗണിച്ചാണ് മുഖ്യമന്ത്രി അക്കാര്യം പറഞ്ഞത്. അതാണ് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ജസ്റ്റിസ് ഹേമയുടെ കത്തു കൂടി പരിഗണിച്ചാണ് വിവരാവകാശ പ്രകാരമുള്ള അപേക്ഷകള്‍ തള്ളിയത്. 2024 ജൂലൈ ഏഴിലെ വിവരാവകാശ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സ്വകാര്യത ലംഘിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

റിപ്പോര്‍ട്ട് പുറത്തുവരാതിരുന്നത് സര്‍ക്കാരിന്റെ എതിര്‍പ്പു കൊണ്ടല്ല. സര്‍ക്കാരിന് ഒന്നും ഒളിച്ചു വയ്‌ക്കേണ്ട കാര്യമില്ല. സര്‍ക്കാരിന്റെ നയം മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു എന്നതില്‍ അര്‍ഥമില്ല. ഒരു ഭാഗവും ഒഴിവാക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ഒരു തരത്തിലുള്ള കൈകടത്തലും സര്‍ക്കാര്‍ നടത്തിയിട്ടില്ല. കൃത്യമായി പരിശോധിച്ചു നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്താണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. അതില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിശോധിച്ചു നടപടി സ്വീകരിക്കാവുന്നതാണ്’’– എം.വി.ഗോവിന്ദൻ പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ശുപാര്‍ശകള്‍ ഗൗരവമായി പരിഗണിച്ച് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിനിമാ മേഖലയില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിൽ ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ കമ്മിറ്റി സിനിമാ നയം രൂപീകരിക്കാനായി സമിതിയെ നിയമിച്ചു. ഇതിന്റെ ഭാഗമായി കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചു. വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു സിനിമയ്ക്ക് ഒന്നരക്കോടി രൂപ നല്‍കണമെന്ന തീരുമാനം സര്‍ക്കാര്‍ നടപ്പാക്കി. ഇതുവഴി മൂന്നു സിനിമകള്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ പുറത്തിറക്കി. വനിതകള്‍ക്കു പരിശീലനം നല്‍കാന്‍ ചലച്ചിത്ര അക്കാമദിയില്‍ പ്രത്യേക കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. വനിതകള്‍ക്കു പ്രത്യേകം അവാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിച്ചു. നഞ്ചിയമ്മയ്ക്കും നവസംവിധായിക എന്ന നിലയില്‍ ശ്രുതി ശരണ്യക്കും അവാര്‍ഡ് നല്‍കിയതായും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

English Summary:

M.V. Govindan Justifies Kerala Government's Actions on Hema Committee Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com