ഹേമ കമ്മിറ്റി റിപ്പോർട്ട് : സര്‍ക്കാരിനെ വെട്ടിലാക്കി 96-ാം ഖണ്ഡിക; വിവരാവകാശ കമ്മിഷന്‍ ഉത്തരവ് ലംഘിച്ചു?
Mail This Article
തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മിഷന്‍ ജൂലൈ 5-ലെ ഉത്തരവില്‍ നിര്‍ദേശിച്ച ഖണ്ഡിക പുറത്തുവിട്ടത് സര്‍ക്കാരിനെ വെട്ടിലാക്കി. പേജ് 49-ലെ 96-ാം ഖണ്ഡിക, പേജ് 81-100ലെ 165 മുതല്‍ 196 വരെ പാരഗ്രാഫുകള്‍ എന്നിവ ഒഴിവാക്കണമെന്നാണ് വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പ് 96-ാം ഖണ്ഡികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളെ തിരിച്ചറിയാന്‍ കഴിയുമെന്നും സ്വകാര്യത സംരക്ഷിക്കാന്‍ ഈ ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് വിവരാവകാശ കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.
സിനിമാ വ്യവസായത്തിലെ അതിപ്രശസ്തരായ ആളുകളില്‍നിന്നു വരെ സ്തീകള്‍ക്കു ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്ന് തങ്ങള്‍ക്കു ലഭിച്ച വിവരങ്ങളില്‍നിന്നു മനസിലാക്കുന്നുവെന്നാണ് 96-ാം ഖണ്ഡികയില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി പറയുന്നത്. ഇവരുടെ പേരുകളും കമ്മിറ്റിക്കു മുന്നില്‍ എത്തിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിച്ചതില്‍നിന്നും സിനിമാ മേഖലയിലെ ലൈംഗിക അതിക്രമം സംബന്ധിച്ച് തങ്ങള്‍ക്കു മുന്നില്‍ വന്ന കാര്യങ്ങള്‍ അവിശ്വസിക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്നും കമ്മിറ്റി 96-ാം ഖണ്ഡികയില്‍ പറയുന്നു. എന്നാല്‍ ഇതു കഴിഞ്ഞുള്ള അഞ്ച് പേജുകളും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിനു തുടര്‍ച്ചയായി പ്രശസ്ത വ്യക്തികള്‍ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗമായതുകൊണ്ടാകാം സര്‍ക്കാര്‍ ഈ അഞ്ചു പേജുകള്‍ വെട്ടിനിരത്തിയതെന്നാണ് ആക്ഷേപമുയരുന്നത്.
32 ഖണ്ഡികകള്‍ ഒഴിവാക്കണമെന്നാണ് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നത്. കൂടുതല്‍ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിനു തീരുമാനിക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍, കൂടുതല്‍ പേജുകള്‍ കൂടി വെട്ടിമാറ്റുകയായിരുന്നു. 49 മുതല്‍ 53 വരെ പേജുകള്‍ ഒഴിവാക്കുന്ന കാര്യം വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിട്ടില്ല. ആരെയും അറിയിക്കാതെ 5 പേജുകള്‍ വെട്ടിമാറ്റിയ സര്‍ക്കാര്‍, പക്ഷെ 96-ാം ഖണ്ഡിക അബദ്ധത്തില്‍ ഉള്‍പ്പെടുത്തി സ്വയം വെട്ടിലായിരിക്കുകയാണ്.