ADVERTISEMENT

കൊച്ചി∙ പരാതി കൊടുക്കാൻ എന്തിനാണു സ്ത്രീകള്‍ മടിക്കുന്നതെന്നും പരാതി നൽകാൻ മുന്നോട്ടു വരണമെന്നും നടി ഉഷ. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയും കൂടുതൽ നടിമാർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി മുന്നോട്ടുവരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു നടിയുടെ പ്രതികരണം.

‘‘അഭിപ്രായങ്ങൾ ശക്തമായി പറയും. സർക്കാരും സാംസ്കാരിക വകുപ്പും ശക്തമായി ഇടപെടണം. എല്ലാത്തിനും ഒരു ചിട്ടവട്ടമുണ്ടാവണം. പരാതി കൊടുക്കാതെ ഒരു കേസെടുത്താൽ, ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നു കേസിനാസ്‍പദമായി സംസാരിച്ച ആൾ പറഞ്ഞാൽ എന്ത് ചെയ്യും. പരാതി കൊടുക്കാൻ എന്തിനാണു മടി. ധൈര്യപൂർവം പല പെൺകുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. പിന്നെ എന്തിനാണു പരാതി കൊടുക്കാൻ മടിക്കുന്നത്. അവർ മുന്നോട്ട് വരണം. പരാതി കൊടുക്കണം. ഏത് ഉന്നതനാണു മോശമായി പെരുമാറിയതെങ്കിലും അവർക്ക് എതിരെ നടപടിയെടുക്കണം. അതിന് സർക്കാരും സാംസ്കാരിക വകുപ്പും കൂടെ നിൽക്കുമെന്നാണു വിശ്വാസം.’’– ഉഷ പറഞ്ഞു.

‘‘എന്റെ മുറിയിൽ വന്ന് ആരും തട്ടിയിട്ടില്ല. അവസരം വേണെങ്കിൽ ഇങ്ങനെ വേണമെന്നും ആരും പറഞ്ഞിട്ടില്ല. ഞാൻ നേരിട്ട കാര്യം പറഞ്ഞിട്ടുണ്ട്. ആ സംവിധായകന്റെ പേരു പറയാത്തതിനെക്കുറിച്ചു പലരും പറഞ്ഞിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പില്ല. അന്നേ ഞാൻ പ്രതികരിച്ചു. കൊടുക്കേണ്ടത് അന്നേ കൊടുത്തു. സ്പോട്ടിൽ ഞാൻ പ്രതികരിച്ചിട്ടുണ്ട്. അമ്മ സ്ത്രീപക്ഷത്തു നിൽക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പക്ഷേ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോൾ വിഷമം തോന്നി. വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും കുറച്ചുകൂടെ ഗൗരവമായി സംസാരിക്കുകയും ചെയ്യുന്നവരാകണം വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അങ്ങനെയുള്ളവരെ കമ്മിറ്റിയിൽ കൊണ്ടുവരണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ജഗദീഷ് സംസാരിച്ചത് കേട്ടപ്പോൾ സന്തോഷം തോന്നി.’’– ഉഷ വിശദീകരിച്ചു.

‘‘സമാന അനുഭവങ്ങൾ നേരിട്ട അടുത്ത സുഹൃത്തായ ഗീതാ വിജയൻ പ്രസ്താവന നടത്തി. പലരും ഇപ്പോൾ തുറന്നു പറയുന്നുണ്ട്. പവർ ഗ്രൂപ്പു കാരണം 9 സിനിമകൾ നഷ്ടപ്പെട്ടെന്നു ശ്വേത മേനോൻ പറഞ്ഞു. ദുരനുഭവം മൂലം സിനിമാ അഭിനയം വേണ്ടെന്നു വച്ചു പോയ സഹപ്രവർത്തകരുണ്ട്. അഭിനയം നിർത്താമെന്ന് ഞാനും വിചാരിച്ചിരുന്നു. അന്നു ഗണേഷ് കുമാറുമായി സംസാരിച്ചു. ഗണേഷ് കുമാർ നല്ല ധൈര്യം തരുകയും പോസിറ്റിവായിട്ട് ഇടപെടുകയും ചെയ്തു. പക്ഷേ സിനിമകൾ കുറഞ്ഞു. ഇപ്പോഴാണ് വീണ്ടും സജീവമായി അഭിനയിക്കുന്നത്. ആരോപണമുണ്ടായാൽ നേരിടാൻ രഞ്ജിത്ത് തയാറാകണം.’’– ഉഷ പറഞ്ഞു.

English Summary:

Actress Usha about Hema Committee Report and Filing Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com