ADVERTISEMENT

ചെന്നൈ∙ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ‘അമ്മ’ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് നടി ഉർവശി. ഒഴുകിയും തെന്നി മാറിയും ആലോചിക്കാം എന്നുമെല്ലാം പറയാതെ വളരെ ശക്തമായി സംഘടന നിലകൊള്ളണം. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണം. സിനിമയിൽ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉർവശി പറഞ്ഞു.

സ്ത്രീകൾ ആരോപണം ഉന്നയിക്കുന്നത് സിനിമയിലെ പുരുഷൻമാർക്കെതിരെയാണ്. സിനിമയിലെ എല്ലാ മേഖലയിലുമുള്ള പുരുഷൻമാർക്ക് ഇത് അപമാനമാണ്. സിനിമ മാത്രമാണ് ഉപജീവനം എന്നു കരുതി വർഷങ്ങളായി ജീവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള പുരുഷൻമാർക്കിടയിലാണോ നിങ്ങൾ ജീവിക്കുന്നത് എന്ന കാര്യം ഞെട്ടലുണ്ടാക്കുന്നതാണെന്ന് ഉർവശി പറഞ്ഞു. ഇങ്ങനെ മാത്രം സംഭവിക്കുന്ന മേഖലയല്ല സിനിമ. അന്തസ്സോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോർത്താണ് നല്ല സിനിമയുണ്ടാകുന്നത്. മറ്റ് മേഖലകളിലേതുപോലെ ഇവിടെയും പ്രശ്നങ്ങളുണ്ടാകാം. എല്ലാത്തിനും വ്യക്തമായ വ്യവസ്ഥയുണ്ടാകണം. അമ്മ സംഘനയാണ് അതിനു നടപടിയെടുക്കേണ്ടത്. 

എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന നിലപാടല്ല വേണ്ടത്. അമ്മയുടെ ഓരോ അംഗങ്ങളും ഇടപെടണം. പരാതിയുള്ളവര്‍ ഈ സമയത്ത് രംഗത്തു വരണം. അമ്മ സംഘടന വളരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഉർവശി പറഞ്ഞു. ‘‘ കമ്മിഷൻ റിപ്പോർട്ടിന് വലിയ വില കൊടുക്കണം. സംഘടനയായതിനാൽ നിയമപരമായി മുന്നോട്ടു പോകാൻ കഴിയില്ല എന്നു അമ്മ പറയരുത്. ഒരു കലാകാരനെ അകറ്റി നിർത്താൻ സംഘടനയ്ക്കു കഴിയുമെങ്കിൽ, സഹകരിപ്പിക്കില്ലെന്ന് പറയാൻ കഴിയുമെങ്കിൽ.. രക്ഷിക്കാൻ അറിയുന്നവരേ ശിക്ഷിക്കാവൂ.. സ്ത്രീകൾ പറഞ്ഞതനുസരിച്ച് രൂപീകരിച്ച ഹേമ കമ്മിഷന് വില കൊടുക്കണം’’–ഉർവശി പറ‍ഞ്ഞു.

പരാതികളുടെ ഗൗരവം തനിക്കു മനസിലാകും. ഇത്രയും കാലം സിനിമയിലുണ്ടായിട്ട് മോശമായ ഒരു നോട്ടംപോലും ഉണ്ടായിട്ടില്ലെന്ന് പറ‍ഞ്ഞാൽ അത് കള്ളമാണ്. തനിക്ക് ചോദിക്കാനും പറയാനും ആളുണ്ടായിരുന്നു. ഷൂട്ടിങ് സ്ഥലത്ത് തന്റെ കുടുംബവും ജീവനക്കാരും ഉണ്ടായിരുന്നു. അവർ പ്രതികരിക്കുമെന്ന ഭയം ഉണ്ടായിരുന്നു. താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ചിലർ റീ ടേക്ക് എടുപ്പിക്കും. തനിക്ക് അനുഭവമുണ്ട്. മരിച്ചുപോയവരായതുകൊണ്ട് പറയുന്നില്ല. അമ്മ സംഘടനയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് എതിരെ ആരോപണം ഉയർന്നാൽ ആ സ്ഥാനം വേണ്ട എന്നു പറയാൻ കഴിയണം. അതാണ് പക്വതയെന്നും ഉർവശി പറഞ്ഞു.

English Summary:

Hema Commission Report: Time for Action, Not Excuses": Actress Urvashi Demands AMMA Address Film Industry Harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com