ദ്രാവിഡ പാരമ്പര്യ അവകാശവാദമില്ല; ‘വെട്രി’ അടയാളമായി വാകപ്പൂ, ജനശക്തി കാട്ടി ആനകൾ: വിജയ് ലക്ഷ്യമിടുന്നത്?
Mail This Article
ചെന്നൈ∙ തമിഴകത്തു രാഷ്ട്രീയ പ്രവേശം നടത്തിയ ദളപതി വിജയ് മുന്നോട്ടു വയ്ക്കുന്നതു വ്യക്തമായ രാഷ്ട്രീയ സൂചനകൾ. പതാകയിൽ ഉൾപ്പെടുത്തിയ വാകപ്പൂവും ആനകളും മുതൽ അതിന്റെ നിറം വരെ നൽകുന്നതു കൃത്യമായ സന്ദേശം. ചെന്നൈക്കു സമീപം പനയൂരിൽ വ്യാഴാഴ്ച നടന്ന പാർട്ടി ചടങ്ങിനിടെ പുറത്തിറക്കിയ കൊടിയെ സംബന്ധിച്ച് വിജയ്‌യുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും സെപ്റ്റംബർ 22ന് വിക്രവണ്ടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് താരം സസ്പെൻസ് പുറത്തുവിടുമെന്നു തന്നെയാണു വെട്രി കഴകം ഭാരവാഹികൾ നൽകുന്ന സൂചന.
പ്രധാനമായും ചർച്ചയാകുന്നതു പതാകയിൽ ഉൾപ്പെടുത്തിയ ചിഹ്നങ്ങളെ കുറിച്ചുള്ള സൂചനകളാണ്. സംഘകാലത്തു തമിഴ് വീരൻമാർ യുദ്ധങ്ങളിൽ മറ്റും പങ്കെടുക്കാറുണ്ടായിരുന്നു. യുദ്ധത്തിൽ വിജയിച്ച് (വെട്രി) വരുന്ന വീരന്മാരെ വിജയത്തിന്റെ പ്രതീകമായ വാകപ്പൂവ് അണിഞ്ഞാണു ഗ്രാമീണർ സ്വീകരിച്ചിരുന്നത്. മാത്രമല്ല തീവ്ര തമിഴ് വാദ സംഘടനയായ എൽടിടിഇയും മറ്റും മുന്നോട്ടു വച്ചിരുന്ന വടക്കൻ ശ്രീലങ്കയിലെ തമിഴ് ഈഴത്തിന്റെ (പ്രത്യേക തമിഴ് രാഷ്ട്രം) ദേശീയ മരവും വാകയായിരുന്നു. ഈ തമിഴ് വികാരമാണ് വിജയ് ഉപയോഗപ്പെടുത്തുന്നത് എന്നു വ്യക്തം. ശ്രീലങ്കൻ തമിഴർക്കിടയിലും വലിയ ആരാധകവൃന്ദമാണു വിജയ്ക്ക് ഉള്ളത് എന്നതു കൂടി ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്.
പതാകയിൽ ഉപയോഗിച്ചിരുന്ന രണ്ട് ആനകളും ജനങ്ങളുടെ ശക്തിയെയാണു സൂചിപ്പിക്കുന്നത്. പതാക പുറത്തിറക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട ഗാനത്തിൽ ജനങ്ങളെ ഉപദ്രവിച്ചിരുന്ന രണ്ട് കറുത്ത ആനകളെ, രണ്ട് വെളുത്ത ആനകൾ വന്ന് കീഴ്‌പ്പെടുത്തുന്നതായി കാണിച്ചിരുന്നു. കറുത്ത ആനകൾ ദ്രാവിഡ പാർട്ടികളായ ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിവരെയാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. വിജയം വരിച്ച വെളുത്ത ആനകൾ ശക്തി തെളിയിക്കുന്ന ജനങ്ങളുടെ ചിഹ്നങ്ങളായിരിക്കാം.
ദ്രാവിഡ പാർട്ടികളുടെ പാത പിന്തുടരാനേ ആ പാരമ്പര്യം അവകാശപ്പെടാനോ ഉദ്ദേശിക്കുന്നില്ലെന്നാണു പതാകയുടെ നിറംകൊണ്ടു താരം വ്യക്തമാക്കുന്നത്. ദ്രാവിഡ പാരമ്പര്യം പിന്തുടരുന്ന പാർട്ടികൾ സാധാരണയായി കൊടിയിൽ കറുപ്പ് നിറം ഉപയോഗിക്കാറുണ്ടായിരുന്നു. ദ്രാവിഡ കഴകം, ഡിഎംകെ, അണ്ണാ ഡിഎംകെ, വൈകോയുടെ എംഡിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ എന്നീ പാർട്ടികൾ പഴയ ദ്രാവിഡ പാരമ്പര്യം ഉറപ്പിക്കാൻ ഈ കറുപ്പ് നിറം പതാകയിൽ ഉൾപ്പെടുത്തുകയും പേരിൽ ‘ദ്രാവിഡം’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽനിന്നു താരം ദൂരം പാലിക്കുകയാണ്.
ഇതിലൂടെ ഒരു കാര്യം വ്യക്തം. ദ്രാവിഡ പാർട്ടികൾക്ക് ബദലാകാൻ തന്നെയാണ് വിജയ് ഉദ്ദേശിക്കുന്നത്. അതേസമയം, പുറത്തുവന്ന വിഡിയോയിൽ മുൻ മുഖ്യമന്ത്രിമാരായ കെ.കാമരാജ്, എംജിആർ എന്നിവരുടെ ഛായാചിത്രങ്ങളും വിജയ്‌ക്കൊപ്പം കാണിക്കുന്നുണ്ട്. കാമരാജ് മാതൃകയിലുള്ള ഭരണവും എംജിആർ മാതൃകയിൽ ജനങ്ങളോടുള്ള സ്നേഹവും സമന്വയിപ്പിക്കുകയാണോ വിജയ് എന്നുമുള്ള സൂചനകളും നൽകുന്നു.
‘വെട്രി’ എന്ന വാക്ക് തന്നെ പാർട്ടിയുടെ പേരിൽ ഉൾപ്പെടുത്തിയത് വിജയം എന്ന അർഥത്തിലാണ്. വിജയ് നായകനായ ആദ്യ ചലച്ചിത്രത്തിന്റെ പേരും വെട്രി ആയിരുന്നു എന്നതു യാദൃച്ഛികമാകാൻ ഇടയില്ല. തമിഴക വെട്രി കഴകം എന്ന പേരും കൊടിയുമായി വിജയ് എത്തിയതോടെ, പ്രധാന രാഷ്ട്രീയ പാർട്ടികളെ ഇത് എത്രത്തോളം ബാധിക്കുമെന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്. എംജിആറിനെ പോലെ വിജയ്‌യും ‘വെട്രി’ കൈവരിക്കുമോ, അതോ വിജയകാന്ത്, കമൽഹാസൻ എന്നിവരെ പോലെ ഒതുങ്ങുമോ?