ADVERTISEMENT

കോട്ടയം ∙ രഞ്ജിത് രാജിവച്ച് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലേക്ക് വനിതയെ പരിഗണിക്കേണ്ട സാഹചര്യമുണ്ടായാൽ അക്കാദമിയുടെ മുൻ വൈസ് ചെയർപഴ്സൻ ബീന പോളിന്റെ പേരിനു മുൻതൂക്കം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് വിവാദങ്ങൾ ഒന്നിനുപിറകെ ഒന്നായി ആളിക്കത്തവേ അക്കാദമി തലപ്പത്തേക്ക് ഒരു വനിതയെ കൊണ്ടുവരണമെന്ന താൽപര്യം സർക്കാരിനുണ്ട്. ഇടതുപക്ഷ അനുഭാവികളായ ചലച്ചിത്ര പ്രവർത്തകരിൽ ചിലർ ബീനയുടെ പേര് മന്ത്രി സജി ചെറിയാന്റെ മുന്നിൽ വച്ചിട്ടുണ്ട്. വർഷങ്ങളോളം ഐഎഫ്എഫ്കെയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയിരുന്നത് അടക്കമുള്ള അനുഭവ സമ്പത്തിന്റെ പേരിൽ ബീന പോളാണ് പദവിയിലേക്ക് അനുയോജ്യയെന്നാണ് അവരുടെ അഭിപ്രായം. ഒരു വനിതയാണ് അധ്യക്ഷയാകുന്നതെങ്കിൽ അത് ചരിത്രത്തിൽ ആദ്യത്തേതാകും.

വൈസ് ചെയർമാൻ പ്രേം കുമാറിനെ താൽക്കാലിക ചെയർമാനാക്കി പ്രശ്ന പരിഹാരത്തിനും ആലോചനയുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ, രാജീവ് നാഥ്, ടി.കെ.രാജീവ് കുമാർ, കമൽ, ഷാജി എൻ.കരുൺ, രഞ്ജിത് എന്നിങ്ങനെ ചെയർമാൻ സ്ഥാനത്തു വന്നു പോയവരെല്ലാം തലപ്പൊക്കമുള്ള സംവിധായകരായിരുന്നു. ആ നിരയ്ക്ക് അനുയോജ്യമായി, സംവിധായകർ അക്കാദമി ചെയർമാൻ പദവിയിൽ വരണമെന്നു വാദിക്കുന്നവരുമുണ്ട്.

മുന്നിൽ നിർണായക ദിവസങ്ങൾ

ചലച്ചിത്ര അക്കാദമിയുടെ ചുമതലയിൽ നടത്തപ്പെടേണ്ട പ്രധാനപ്പെട്ട പരിപാടികൾ നടക്കാനിരിക്കെ ചെയർമാൻ സ്ഥാനത്തേക്ക് എത്രയും വേഗം ആളെ കണ്ടെത്തേണ്ടതുണ്ട്. സിനിമ കോൺക്ലേവ്, ഐഎഫ്എഫ്കെ, സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം തുടങ്ങിയവ അടക്കം, വരാനിരിക്കുന്ന മാസങ്ങൾ ചലച്ചിത്ര അക്കാദമിക്ക് നിർണായകമാണ്. ഐഫ്എഫ്കെയ്ക്കായി സ്വാഗത സംഘം അടക്കം രൂപീകരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് പ്രതിസന്ധിയാകും. എന്നാൽ എല്ലാം മുറ പോലെ നടക്കുമെന്ന് അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

എൽഡിഎഫിൽ സമവായമാകണം

പുതിയ ചെയര്‍മാനെ നിയോഗിക്കുന്നത് സിപിഎമ്മിലും ഇടതുമുന്നണിയിലും ചർച്ച ചെയ്ത് സമവായമുണ്ടാക്കിയ ശേഷം മതിയെന്ന നിലപാടാണ് സാംസ്കാരിക വകുപ്പിനുള്ളത്. നേരത്തേ സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് എം.ജി.ശ്രീകുമാറിനെ കൊണ്ടുവരാനുള്ള ശ്രമം പാർട്ടിക്കും മുന്നണിക്കും ഉള്ളിലെ എതിർപ്പിനെ തുടർന്നാണ് നടപ്പിലാകാതെ പോയത്. രഞ്ജിത്തിന്റെ രാജിക്കായി സിപിഐ വലിയ സമ്മർദ്ദമാണ് മുന്നണിക്കുള്ളിൽ ഉയർത്തിയത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.

ജനറൽ കൗൺസിൽ തുടരും

നിലവിലെ ഭരണ സമിതിയുടെ മൂന്നുവര്‍ഷ കാലാവധി ജനുവരിയിലാണ് അവസാനിക്കുക. 2022 ജനുവരി ആറിനാണ് രഞ്ജിത് ചെയർമാൻ പദവി ഏറ്റെടുത്തത്. കാലാവധി തീരുമ്പോള്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അപ്പാടെ പുനഃസംഘടിപ്പിച്ചാല്‍ മതിയെന്നാണ് നിലവിലെ അഭിപ്രായം. അതിനാൽ, പുതിയ ചെയർമാൻ വന്നാലും ജനുവരി വരെ ഈ ജനറൽ കൗൺ‌സിൽ തുടരും. 

പ്രതിഷേധവുമായി കമൽ

സിനിമ കോൺക്ലേവിനായുള്ള നയരൂപീകരണ സമിതിയിൽ ചലച്ചിത്ര അക്കാദമിക്ക് പ്രാതിനിധ്യമില്ലാത്തതിൽ അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ കമലിനു പ്രതിഷേധം. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുണാണ് സമിതി ചെയർമാൻ. സർക്കാർ ഉത്തരവ് പ്രകാരം ചലച്ചിത്ര അക്കാദമിയാണ് നയം രൂപീകരിക്കേണ്ടത്. അങ്ങനെയെങ്കിൽ കെഎസ്എഫ്ഡിസി ചെയർമാനായ ഷാജി എൻ. കരുൺ എങ്ങനെ സമിതി ചെയർമാനാകും എന്നാണ് കമലിന്റെ ചോദ്യം. ആരോപണ വിധേയനാകും മുൻപ് ചെയർമാൻ പദവി വഹിച്ചിരുന്ന രഞ്ജിത് നയരൂപീകരണ സമിതിയിൽ അംഗമായിരുന്നില്ല. ചലച്ചിത്ര അക്കാദമിയിൽനിന്നു സെക്രട്ടറിയെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറി സർക്കാർ ഉദ്യോഗസ്ഥനാണ്. മുൻ ചെയർമാൻമാരും എക്സിക്യൂട്ടീവ് മെമ്പർമാരും ഉൾപ്പെടെ ഉണ്ടെന്നിരിക്കെ അവരെയാരും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കു കത്തയക്കുമെന്ന് കമൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ഷാജി എൻ.കരുൺ ചെയർമാനായ സമിതിയിൽ നടനും എംഎൽഎയുമായ മുകേഷ്, നടിമാരായ മഞ്ജു വാരിയർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നിർമാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് മറ്റ് അംഗങ്ങൾ.

English Summary:

From Conclave to IFFK: Beena Paul for Academy Chair?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com