ബംഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത് പൊലീസ്
Mail This Article
കൊച്ചി∙ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ– മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന കടവന്ത്രയിലെ ഫ്ലാറ്റ് നോർത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാലാണ് ഇവിടെ കേസ് റജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പു പ്രകാരമാണു കേസ്. സ്ത്രീയുടെ അന്തസ്സിനും സ്വകാര്യതയ്ക്കും കോട്ടം വരുത്തും വിധമുള്ള അക്രമത്തിനും ക്രിമിനൽ ബലപ്രയോഗത്തിനും എതിരെയുള്ള വകുപ്പാണിത്. തുടർ നടപടികൾ പ്രത്യേക അന്വേഷണ സംഘവുമായി ചർച്ച നടത്തി തീരുമാനിക്കും. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും ക്രിമിനൽ കേസെടുക്കണമെന്നുമാണ് ശ്രീലേഖയുടെ പരാതി. പരാതിയില്ലാതെ കേസ് അന്വേഷിക്കാൻ പറ്റില്ല എന്ന അധികൃതരുടെ നിലപാടിനെത്തുടർന്നാണ് രേഖാമൂലം പരാതി നൽകുന്നതെന്ന് പറയുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകൾക്ക് ശേഷം ആദ്യമായാണ് ഇരയാക്കപ്പെട്ട ഒരു വ്യക്തി നിയമനടപടിയിലേക്ക് കടന്നത്. 2009ൽ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി എത്തിയ തന്നെ കടവന്ത്രയിലുള്ള ഫ്ലാറ്റിലേക്ക് രഞ്ജിത് ക്ഷണിച്ചെന്ന് നടി പറയുന്നു. ചിത്രത്തിന്റെ ചർച്ചയ്ക്കായാണ് ക്ഷണിച്ചത്. എന്നാൽ ഇതിനിടെ തന്റെ കയ്യിൽ പിടിച്ചെന്നും തുടർന്ന് മറ്റു ശരീരഭാഗങ്ങളും സ്പർശിക്കാൻ തുടങ്ങിയതോടെ അവിടെനിന്നു രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് പോയെന്നും പരാതിയിൽ പറയുന്നു.
പിറ്റേന്ന് സംവിധായകൻ ജോഷി ജോസഫിനെ വിവരം അറിയിച്ചു. തനിച്ച് തിരിച്ചു പോകാനുള്ള ടിക്കറ്റ് നൽകാത്തതിനാൽ ജോഷി ജോസഫിന്റെ സഹായം തേടാൻ നിർബന്ധിതയായി എന്നാണ് പരാതിയിൽ പറയുന്നത്. ആരോപണങ്ങൾ രഞ്ജിത് നിഷേധിച്ചിരുന്നു. ഗൂഡാലോചനയാണ് ആരോപണത്തിനു പിന്നിലെന്നും താൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രഞ്ജിത് പറഞ്ഞിരുന്നു. ആരോപണം ഉയർന്നതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയും രാജി വയ്ക്കേണ്ടി വന്നിരുന്നു.