ADVERTISEMENT

കൊച്ചി ∙ സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകണം. നിയമമനുസരിച്ച്, ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടേണ്ടത് അധികാരികളാണ്. അതു പുറത്തുവിടാൻ നിയമവ്യവസ്ഥയിൽ വിലക്കില്ല. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘‘ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചത് ഞാനാണ്. സ്ത്രീസൗഹാർദപരമായ അന്തരീക്ഷം മലയാള സിനിമയിൽ വേണമെന്ന ആവശ്യമടക്കം മുന്നോട്ടു വച്ചിരുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ടിലെ കാര്യങ്ങളിൽ എനിക്ക് അദ്ഭുതമില്ല, തുടർ നടപടികള്‍ എന്താകുമെന്ന് ആകാംക്ഷയുണ്ട്. ‘അമ്മ’യുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ട്. ശക്തമായ ഇടപെടലുകൾ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പദവികളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങളുണ്ടായാൽ അവർ ആ സ്ഥാനങ്ങളിൽനിന്നു മാറി നിൽക്കണം. അത്തരം സ്ഥാനങ്ങളിൽ തുടർന്നുകൊണ്ട് അന്വേഷണത്തെ നേരിടാൻ പാടില്ല, ആരെയും പേരെടുത്ത് പറയുന്നില്ല.’’– പൃഥ്വിരാജ് പറഞ്ഞു.

‘‘പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല. ഞാൻ അത്തരമൊരു ഗ്രൂപ്പിലില്ല. അതിലില്ല എന്നു സ്ഥാപിക്കുന്നതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. അങ്ങനെയൊരു പവർ ഗ്രൂപ്പ് മൂലം ബാധിക്കപ്പെട്ടവരുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കണം. അത്തരം പവർ ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം. എനിക്കു നേരെ പവർ ഗ്രൂപ്പിൽനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്റെ നിയന്ത്രണത്തിലുള്ളത് എനിക്ക് ചുറ്റുമുള്ള വർക്ക് സ്പേസ് മാത്രമാണ്.പലരും പൊലീസിൽ നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും രണ്ടാണെന്ന് മാധ്യമങ്ങളിൽ കണ്ടു. അതിൽ എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല.’’

അക്രമിക്കപ്പെട്ട നടി ‘അമ്മ’യിൽ എത്തുമോയെന്ന ചോദ്യത്തിന്, എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ട സംഘടനകളാണ് സിനിമയിൽ ആവശ്യമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഒരു സിനിമാ സെറ്റ് പ്രവർത്തിക്കുന്നത് സങ്കീർണമായ പ്രവൃത്തിയാണ്. അത് സിസ്റ്റമാറ്റിക് ആയി പ്രവർത്തിക്കേണ്ട മേഖലയാണ്. ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസി) എന്റെ സെറ്റിൽ നടപ്പാക്കുന്നുണ്ട്. പക്ഷേ അതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഐസിസി എല്ലാ സെറ്റിലും ഉണ്ടെന്ന് ഉറപ്പിക്കാൻ മറ്റൊരു സംവിധാനം വേണം.

വിലക്ക് യാഥാർഥ്യമാണോ എന്ന ചോദ്യത്തിന്, താൻ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബഹിഷ്കരണം പലപ്പോഴും നിരോധനമാകുന്നു. പാർവതിക്കു മുൻപ് മാറ്റി നിർത്തൽ നേരിട്ടത് താനാണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്കരിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ പദവികളിലിരിക്കുന്നവർ അത് ചെയ്താൽ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ പാടില്ല. അത്തരത്തിൽ സംഘടിതമായി ആരുടെയെങ്കിലും തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ നടപടികളുണ്ടാവണം.

‘അമ്മ’യുെട പ്രധാന പദവിയിൽ വനിത വേണം, അത് ‘അമ്മ’യിൽ മാത്രമല്ല, എല്ലായിടത്തും വേണം. സിനിമാ കോൺക്ലേവ് പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയോജനപ്പെടുത്തണം. പ്രശ്നത്തിനു പരിഹാരം കാണാൻ തന്നാലാവുന്നത് എല്ലാം താൻ ചെയ്യും. കോൺക്ലേവ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കട്ടെ. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തിരുത്തൽ മലയാള സിനിമയിലാണ് നടന്നത് എന്ന് ഒരിക്കൽ ഇന്ത്യൻ സിനിമാ ചരിത്രം വാഴ്ത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.

English Summary:

Prithviraj Demands Justice: "Exemplary Punishment if Proven Guilty, Action Against False Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com