വിലക്കിന് വില കൊടുക്കാതെ അന്ന് വിനയനൊപ്പം, ഉറച്ച നിലപാടുമായി ഇന്നും; ഒരേയൊരു പൃഥ്വിരാജ്
Mail This Article
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരികയും സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഒന്നൊന്നായി ആരോപണ ശരങ്ങളേറ്റ് പിടയുകയും അവരില്‍ പലര്‍ക്കും സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് പല താരങ്ങളും. പ്രതികരിച്ചവരില്‍ ജഗദീഷ് ഒഴികെ മറ്റെല്ലാവരും തന്നെ മെഴുക്കുപുരട്ടി- അഴകൊഴമ്പന്‍ സ്‌റ്റൈലില്‍ മറുപടി പറഞ്ഞ് വഴുതിമാറുന്ന കാഴ്ചയും നാം കണ്ടു. എന്നാല്‍ പൃഥ്വിരാജ് ഇവിടെയും വ്യത്യസ്തനാവുന്നു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും താരസംഘടനയ്ക്ക് പിഴവുകള്‍ സംഭവിച്ചുവെന്നും തുറന്ന് പറയാന്‍ അദ്ദേഹം മടിച്ചില്ല. പാര്‍വതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനും വളരെ മുന്‍പ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത് തനിക്കാണെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ വിനയനെ താരസംഘടന ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയും അദ്ദേഹത്തിന്റെ സിനിമകളില്‍ ആരും സഹകരിക്കാത്ത വിധത്തില്‍ വളഞ്ഞാക്രമിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ വിനയന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ച നടനാണ് പൃഥ്വിരാജ്. നടന്‍ തിലകന് വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം അദ്ദേഹത്തോടൊപ്പം സിനിമകളില്‍ അഭിനയിക്കാനും പൃഥ്വി മടിച്ചില്ല. വാസ്തവത്തില്‍ അദ്ദേഹം ഇതിലൊന്നും കക്ഷി ചേരുകയായിരുന്നില്ല.
നൈതികതയ്ക്ക് നിരക്കാത്ത വിധത്തില്‍ വിനയനെയും തിലകനെയും ഒതുക്കാനും നിഗ്രഹിക്കാനും ഒരു കൂട്ടര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയും ശ്രമിക്കുകയും ചെയ്തപ്പോള്‍ സത്യത്തിനൊപ്പം നില്‍ക്കുക എന്ന വലിയ ബാധ്യത നിറവേറ്റുക മാത്രമാണ് അദ്ദേഹം ചെയ്തത്. പ്രതിസന്ധി ഘട്ടത്തില്‍ വിനയന്‍ സിനിമയില്‍ പരിചയപ്പെടുത്തിയ താരങ്ങള്‍ അടക്കം അദ്ദേഹത്തെ പിന്നില്‍ നിന്ന് പാലം വലിച്ചപ്പോള്‍ ഒപ്പം നിന്ന ഏക താരമായിരുന്നു പൃഥ്വിരാജ്.
പൃഥ്വിയെ വിലക്കിയ കാലം
ഫെഫ്കയും ‘അമ്മ’യും ചേര്‍ന്ന് വിനയനെ വിലക്കുകയും അദ്ദേഹത്തിന്റെ പടങ്ങളില്‍ അഭിനേതാക്കള്‍ സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോൾ പൃഥ്വി ഈ നീക്കത്തിനൊപ്പം നിന്നില്ല. വിനയന്റെ സത്യം എന്ന സിനിമയില്‍ അഭിനയിക്കാനുളള ഓഫര്‍ വന്നപ്പോള്‍ സംഘടനയുടെ അഭിപ്രായം മറികടന്ന് പൃഥ്വി അതില്‍ സഹകരിച്ചു. അതോടെ ‘അമ്മ’ അദ്ദേഹത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ആ പ്രതിസന്ധി ഘട്ടത്തില്‍ മനസുകൊണ്ട് പൃഥ്വിക്കൊപ്പം നിന്നവര്‍ പോലും പരസ്യമായി അദ്ദേഹത്തിന് എതിരായ നിലപാട് എടുത്തു. എല്ലാവരും കൈവിട്ടിട്ടും തനിച്ചു നിന്ന് പോരാടിയ തുടക്കക്കാരനായ ആ യുവാവിന്റെ പോരാട്ട വീര്യം അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
വിലക്കുകള്‍ നേരിട്ട കാലത്ത് പൃഥ്വി അനുഭവിച്ച വൈതരണികള്‍ ഏറെയായിരുന്നു. ഒരു നടന്‍ ഏതൊക്കെ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കണമെന്നും ഏതൊക്കെ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കണമെന്നും തീരുമാനിക്കേണ്ടത് സംഘടനയല്ല എന്നതായിരുന്നു പൃഥ്വിയുടെ നിലപാട്. അത് അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ വിലക്കുകള്‍ കൂസാതെ അന്ന് സിനിമയില്‍ സജീവമാകുകയാണ് പൃഥ്വി ചെയ്തത്.
വിനയന്റെ അത്ഭുതദ്വീപ് എന്ന സിനിമയില്‍ അഭിനയിക്കുന്ന സന്ദര്‍ഭത്തിലെ ഒരനുഭവം വിനയന്‍ ഇങ്ങനെ ഓർമിക്കുന്നു. അന്ന് ആ പടത്തിലേക്ക് ജഗതി ശ്രീകുമാറിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു പോലും. ആ പടത്തില്‍ പൃഥ്വിരാജല്ലേ നായകന്‍? വിലക്ക് നേരിടുന്ന രാജുവിനൊപ്പം ആരും അഭിനയിക്കരുത് എന്നായിരുന്നു അമ്മയുടെ ഉത്തരവ്. എന്നാല്‍ കല്‍പ്പനയുടെ നിലപാട് മറിച്ചായിരുന്നു. പൃഥ്വിയാണ് നായകന്‍ എന്നറിഞ്ഞിട്ടും അവര്‍ അഭിനയിക്കാന്‍ സമ്മതം മൂളി. എന്നിട്ട് വിനയനോട് ഇപ്രകാരം പറഞ്ഞു പോലും.
‘‘ചേട്ടാ ആര് ചോദിച്ചാലും ഈ പടത്തില്‍ പക്രുവാണ് നായകന്‍ എന്ന് പറഞ്ഞാല്‍ മതി. ഞാനും അങ്ങനയേ പറയൂ’’
വിനയന്റെ ‘സത്യം’ എന്ന സിനിമയില്‍ സഹകരിച്ച പലരും പിന്നീട് ‘അമ്മ’യ്ക്ക് മുന്നില്‍ മാപ്പ് പറഞ്ഞ് അകത്ത് കയറി. എന്നാല്‍ രാജു അതിന് തയാറായില്ല. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും താന്‍ സ്വന്തം ജോലിയാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ആ നിലപാടിനെ ഒരു തരം നിഷേധമായാണ് മറ്റുളളവര്‍ കണ്ടത്. 1995ല്‍ പൃഥ്വിയുടെ പിതാവ് സുകുമാരനെയും ഇതേ സംഘടന വിലക്കിയിരുന്നു. ഒരു കുടുംബത്തിലെ രണ്ട് തലമുറകളെ വിലക്കുക എന്ന ചരിത്രദൗത്യവും ഇതുവഴി അമ്മ നിര്‍വഹിച്ചു. പിന്നീട് ബോക്‌സര്‍ എന്ന സിനിമയിലുടെയാണ് സുകുമാരന്‍ തിരിച്ചെത്തിയത്. സുകുമാരന്‍ തന്റെ കരിയറില്‍ ജ്വലിച്ചു നില്‍ക്കുന്ന കാലത്താണ് വിലക്ക് നേരിട്ടതെങ്കില്‍ പൃഥ്വിയെ വിലക്കിയത് കരിയറിന്റെ തുടക്കത്തിലാണ്.
അടുത്ത വിനയന്‍ ചിത്രമായ അത്ഭുതദ്വീപിലും പൃഥ്വി സഹകരിക്കുകയും സിനിമ വന്‍ ഹിറ്റായി മാറുകയും ചെയ്തതോടെ വിലക്ക് നീക്കാന്‍ സംഘടന നിര്‍ബന്ധിതരായി. പൃഥ്വിയുടെ നിലപാടായിരുന്നു ശരിയെന്ന് എല്ലാവര്‍ക്കും ഏകകണ്‌ഠേന അംഗീകരിക്കേണ്ടതായി വന്നു. പൃഥ്വിരാജിനെ തമസ്‌കരിക്കാനായി പിന്നീട് ഒളിഞ്ഞും തെളിഞ്ഞും പല നീക്കങ്ങള്‍ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചും തിയറ്ററില്‍ ആളെ വിട്ട് കൂക്കി വിളിച്ചും സമൂഹമാധ്യമങ്ങള്‍ വഴി ഹേറ്റ് ക്യാംപയിനുകള്‍ നടത്തിയുമെല്ലാം ശ്രമങ്ങള്‍ നീണ്ടു. എന്നാല്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ട് നാള്‍ക്കു നാള്‍ വളര്‍ന്നു വരുന്ന ഒരു പൃഥ്വിരാജിനെയാണ് പിന്നീട് എല്ലാവരും കണ്ടത്. കാലക്രമേണ എതിരാളികള്‍ നിഷ്പ്രഭരാവുകയും പൃഥ്വിരാജ് മലയാള സിനിമയുടെ അവിഭാജ്യഘടകമായി തീരുകയും ചെയ്തു.
ഹേമാ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയ സന്ദര്‍ഭത്തിലും അദ്ദേഹം നൈതികതയെ മുറുകെ പിടിച്ചു കൊണ്ട് തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞു. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും ഒളിച്ചു കളിക്കാതെ തന്റെ തനത് വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ആണത്തത്തോടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. അകാരണവും അനാവശ്യവുമായ വിലക്കുകളിലുടെ നീതിപക്ഷത്തെ നിഗ്രഹിക്കുന്ന അമ്മയുടെ പ്രഖ്യാപിത നിലപാടുകള്‍ പാടെ പൊളിച്ചെഴുതി കൊണ്ട് വനിതകള്‍ ഉള്‍പ്പെടുന്ന പുതിയ നേതൃത്വം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ എത്തണമെന്ന് പറയാനും പൃഥ്വി മടിച്ചില്ല.
മലയാള സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാത്തരം ഉച്ചനീചത്വങ്ങളും അകറ്റി ഒരു ശുദ്ധീകരണ പ്രക്രിയയാണ് താനടക്കം സിനിമയെ സ്‌നേഹിക്കുന്നവര്‍ ലക്ഷ്യമിടുന്നതെന്ന സന്ദേശമാണ് പൃഥ്വിയുടെ വാക്കുകളില്‍ നിറയുന്നത്. ഒരു സന്ദര്‍ഭത്തിലും തന്റെ നിലപാടുകളില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകാത്ത പൃഥ്വി ഇക്കാര്യത്തിലും ന്യായത്തിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഒരു പ്രസ്ഥാനം തന്നെയാണ് അദ്ദേഹം. എന്നാല്‍ വലിയ താരപ്പകിട്ട് ഇല്ലാതിരുന്ന തുടക്ക കാലത്തും ഒരു നിലപാടിന്റെ പേരില്‍ വിലക്കപ്പെട്ടിട്ടും സത്യത്തിന്റെ പക്ഷത്ത് ഉറച്ചു നിന്ന പൃഥ്വിയെ ഏറെ ആദരവോടെയാണ് പൊതുസമൂഹം നോക്കി കാണുന്നത്.
ഒരിക്കല്‍ മല്ലികാ സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ഈ സന്ദര്‍ഭത്തില്‍ പലരുടെയും മനസില്‍ നിറയുന്നത്. ‘‘രാജുവിനെ എനിക്കറിയാം. അവന്‍ സുകുമാരന്റെ മകനാണ്. അങ്ങനെയൊരാള്‍ക്ക് അനീതിയുടെ പക്ഷത്ത് നില്‍ക്കാനാവില്ല.’’
ഇന്ന് മലയാള സിനിമയിലെ ഏറ്റവും ഷൈനിങ് സ്റ്റാര്‍ എന്ന പദവിയില്‍ നില്‍ക്കുന്ന അദ്ദേഹം സംവിധായകന്‍, നിർമാതാവ്, വിതരണക്കാരന്‍...ഈ നിലകളിലെല്ലാം വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. ആടുജീവിതത്തിലൂടെ മൂന്നാം തവണയും മികച്ച നടുളള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ പൃഥ്വിരാജ് അന്നും ഇന്നും തന്റെ ബോധ്യങ്ങളില്‍ ഉറച്ചു നിന്ന് സംസാരിക്കുന്ന വ്യക്തിത്വമുളള നടനാണ്.