ADVERTISEMENT

ധാക്ക∙ ജമാഅത്തെ ഇസ്‌ലാമിയുടെയും വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറിന്റെയും നിരോധനം പിൻവലിച്ച് ബംഗ്ലദേശിലെ ഇടക്കാല സർക്കാർ. ബുധനാഴ്ച ഇതു സംബന്ധിച്ച് ഇടക്കാല സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ്, ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം മാറ്റിയത്. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

‘‘കഴിഞ്ഞ 15 വർഷമായി ജമാഅത്തെ ഇസ്‌ലാമിയെ ബംഗ്ലാദേശിൽ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നിരോധനത്തിലേക്ക് ഷെയ്ഖ് ഹസീന കടന്നിരുന്നില്ല. എന്നാൽ രാജ്യത്ത് സംവരണ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമിയെയും വിദ്യാർഥി സംഘടനയെയും നിരോധിച്ചത്’’– ഇടക്കാല സർക്കാരിലെ നിയമോപദേഷ്ടാവായ ആസിഫ് നസ്റുൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ഷിബിറും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് മുൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ഇടക്കാല സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.

ഈ വർഷം ഓഗസ്റ്റ് ഒന്നിനാണ് ജമാഅത്തെ ഇസ്‍ലാമി, ഛത്ര ഷിബിർ, തുടങ്ങി എല്ലാ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം ബംഗ്ലദേശിൽ നിരോധിച്ചത്. 2013ൽ ഹൈക്കോടതി ജമാഅത്തെ ഇസ്‍ലാമിയുടെ റജിസ്ട്രേഷൻ അസാധുവായി പ്രഖ്യാപിക്കുകയും 2018 ഡിസംബർ 7 ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അവരുടെ റജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി നൽകിയ അപ്പീൽ 2023 നവംബർ 19-ന് ബംഗ്ലദേശ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാൻ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല.

English Summary:

Bangladesh revokes ban on Jamaat-E-Islami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com