ADVERTISEMENT

വിശാഖപട്ടണം∙ ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിഘാത്’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷൻ ചെയ്തു. ഐഎൻഎസ് അരിഘാത്, ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തൽ. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ വച്ചാണ് രാജ്നാഥ് സിങ് അന്തർവാഹിനി കമ്മിഷൻ ചെയ്തത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി, ഉന്നത ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും ഐഎൻഎസ് അരിഘാത് പ്രവർത്തിക്കുക.

അതീവ രഹസ്യമായിട്ടായിരുന്നു ഐഎൻഎസ് അരിഘാത്തിന്റെ നിർമാണം നടന്നത്. ആണവ മിസൈൽ അന്തർവാഹിനിയുടെ വിവരങ്ങളും പ്രതിരോധ മന്ത്രാലയം അധികം പുറത്തുവിട്ടിരുന്നില്ല. 6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, ഇന്തോ – പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും. ആണവ ബാലിസ്റ്റിക് മിസൈലായ കെ-15 ആയിരിക്കും ഐഎൻഎസ് അരിഘാത്തിൽ ഉപയോഗിക്കുക. 

മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതീയിലാണ് ഐഎൻഎസ് അരിഘാത്തിന്റെ നിർമാണം. ഇൻഡോ-പസഫിക് സമുദ്ര മേഖലയിലെ മധ്യഭാഗത്തായി ഇന്ത്യയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ, രണ്ട് ആണുവായുധ മിസൈൽ അന്തർവാഹിനികൾ ഉള്ളത് നാവികസേനയ്ക്ക് മേഖലയിൽ കരുത്ത് പകരും. പ്രത്യേകിച്ച് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യക്ക് ഇതുവഴി പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. അതേസമയം ഇന്ത്യയുടെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ‘ഐഎൻഎസ് അരിദാമാൻ’ നിർമാണവും പുരോഗമിക്കുകയാണ്. അടുത്ത വർഷം തന്നെ ഈ ആണവ മിസൈൽ അന്തർവാഹിനി കമ്മീഷൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. 

English Summary:

India's Defence Minister Rajnath Singh to Commission INS Arihant Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com