ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; ‘ആറാട്ടണ്ണൻ’ അടക്കം 5 പേർക്കെതിരെ കേസ്
Mail This Article
കൊച്ചി ∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ ഹ്രസ്വചിത്ര സംവിധായകൻ വിനീത്, ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവരുൾപ്പെടെ 5 പേർക്കെതിരെ കേസ്. ഇവര്‍ ഉടൻ അറസ്റ്റിലായേക്കും എന്നാണു സൂചന.
ഇക്കഴിഞ്ഞ ഏപ്രിൽ 12നാണു സംഭവം. ഓഗസ്റ്റ് 13നാണു യുവതി പരാതിയുമായി ചേരാനെല്ലൂർ പൊലീസിനെ സമീപിക്കുന്നത്. എന്നാൽ തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസെടുക്കുകയും മജിസ്ട്രേറ്റിനു മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.
സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന യുവതിയെ ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ളാറ്റിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങൾ വിശദീകരിക്കാനെന്ന പേരിൽ വിനീത് കെട്ടിയിടുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സുഹൃത്തുക്കളായ അലിൻ ജോസ് പെരേര, ആറാട്ടണ്ണൻ, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
‘ആറാട്ട്’ സിനിമയുടെ റിവ്യൂ ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിലെ നിരന്തര സാന്നിധ്യമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇടയ്ക്ക് രംഗത്തെത്തിയിരുന്നു. അലിൻ ജോസ് പെരേരയും യുട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. ബ്ലഡി നൈറ്റ് എന്ന പേരിൽ വിനീത് ഹ്രസ്വചിത്രം പുറത്തിറക്കിയപ്പോൾ ആറാട്ടണ്ണനും അലിൻ ജോസുമായിരുന്നു ഇതിന്റെ പ്രചാരണത്തിനായി മുന്നിൽനിന്നത്. ഈ സിനിമയിൽ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, ആൽബ്രൈറ്റ് എന്നിവർ അഭിനയിക്കുകയും ചെയ്തിരുന്നു.